കാസർകോട് ജില്ലയിൽ ദേശീയപാത-66നായി ഭൂമി ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരം നൽകുന്നത് പുരോഗമിക്കുന്നതായി കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയെ അറിയിച്ചു. ഭൂമി ഏറ്റെടുക്കാനായി നിയോഗിച്ച അതോറിറ്റി (സിഎഎൽഎ) കാസർകോട്, അട്ക്കത്ത്ബയൽ, കാഞ്ഞങ്ങാട് എന്നീ മൂന്ന് വില്ലേജുകളിൽ അവാർഡ് ചെയ്ത നഷ്ടപരിഹാര തുക കൂടുതലായതിനാൽ ദേശീയപാത അതോറിറ്റി ആർബിട്രേറ്ററെ സമീപിക്കും. ആർബിേ്രടറ്ററുടെ ഉത്തരവ് വന്ന ശേഷം തുടർനടപടികൾ തീരുമാനിക്കും. ശേഷിച്ച വില്ലേജുകളിൽ നഷ്ടപരിഹാരം നൽകുന്നത് പുരോഗമിക്കുകയാണ്.
കാസർകോട് ജില്ലയിൽ ഭൂമി ഏറ്റെടുക്കാനായി നിയോഗിച്ച അതോറിറ്റിയുടെ (സിഎഎൽഎ) അക്കൗണ്ടിൽ ദേശീയപാത അതോറിറ്റി നഷ്ടപരിഹാര തുകയായ 696.89 കോടി രൂപയിൽ 624.96 കോടി രൂപ നിക്ഷേപിച്ചതായി കേന്ദ്ര മന്ത്രി അറിയിച്ചു. ഇതിൽ 430.96 കോടി രൂപ ഭൂമി ഏറ്റെടുക്കാനായി നിയോഗിച്ച അതോറിറ്റി വിതരണം ചെയ്തുകഴിഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽനിന്ന് ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം ദേശീയപാത നിയമം-1956 പ്രകാരം യഥാസമയം നൽകുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
പെർവാട്-ചട്ടഞ്ചാൽ റോഡിന്റെ ഭാഗം (കി.മീ. 41-കി.മീ. 63) അടുത്തിടെ ദേശീയപാത-66ന്റെ ഭാഗമായി ഏറ്റെടുത്തതായും ഇത് ഗതാഗത യോഗ്യമായി നിലനിർത്തുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ഹോസ്ദുർഗ്-മടിക്കേരി റോഡ്, ചെർക്കള-കല്ലട റോഡ് എന്നീ റോഡുകൾ ദേശീയപാതയായി പ്രഖ്യാപിക്കണമെന്ന നിർദേശം പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി എം.പിയെ അറിയിച്ചു. പുതിയ ദേശീയപാതകൾ പ്രഖ്യാപിക്കുന്നതിന്റെ മാർഗനിർദേശം/മാനദണ്ഡം അന്തിമമായാൽ ഈ നിർദേശം സംബന്ധിച്ച് തുടർനടപടി സ്വീകരിക്കും.
കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരി, പയ്യന്നൂർ വില്ലേജുകളിൽ ഭൂമിയുടെ ഫെയർ വാല്യു സംബന്ധിച്ച് ഭൂമി ഏറ്റെടുക്കാനായി നിയോഗിച്ച അതോറിറ്റിയുടെ (സിഎഎൽഎ) നിരീക്ഷണം കണക്കിലെടുത്ത് തുടർതീരുമാനം ദേശീയപാത അതോറിറ്റി എടുക്കും.
