അടിമുടി മാറി കാസർകോട് ജില്ലാ ഭരണസിരാകേന്ദ്രം. ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബുവിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് കളക്ടറേറ്റ് പരിസരത്തുള്ള കാടുവെട്ടുകയും മലിനീകരിക്കപ്പെട്ടതുമായ ഇടങ്ങൾ ശുചീകരിച്ചുകൊണ്ടായിരുന്നു കളക്ടറേറ്റിന്റെ മുഖം മിനുക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് ഓരോ സ്ഥലത്തിനും അനുയോജ്യമായ പൂച്ചെടികൾ നട്ട് പരിപാലിക്കാനുള്ള ചുമതല വിവിധ വകുപ്പുകൾക്ക് നൽകിയതോടെ ഇന്ന് പൂക്കളാൽ സമ്പന്നമായി കളക്ടറേറ്റ് പരിസരം മാറി.

ഓപ്പൺ ജിമ്മും പിന്നെ റോളർ സ്‌കേറ്റിങ്ങും

കളക്ടറേറ്റിനകത്തെ ഒരു ഭാഗം ഓപ്പൺ ജിമ്മിനായി വിട്ടു നൽകി. ജീവിതശൈലീ രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ വ്യായാമവും കായിക വിനോദങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാസർകോട് ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സ്‌പോർട്‌സ് കൗൺസിലിന്റെയും നേതൃത്വത്തിൽ കളക്ടറേറ്റിൽ ആരംഭിച്ച ആർദ്രം ജിം ഇന്ന് നിരവധി നാട്ടുകാരും വിദ്യാർത്ഥികളും വ്യായാമം ചെയ്യുന്നതിനായി ഉപയോഗിച്ചു വരുന്നു. പൊതു ഇടങ്ങൾ വിപുലീകരിക്കണമെന്ന സർക്കാർ നിർദേശത്തിന്റെ ഭാഗമായി ആർദ്രം ജിം വിപുലീകരിക്കാനും തിരുമാനിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ഡോ ഡി സജിത്ത് ബാബു പറയുന്നു.
നായമ്മാർ മൂല തൻബീഹുൽ ഇസ്ലാം ഹയർസെക്കന്ററി സ്‌കൂൾ മുതൽ ജില്ലാ കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും ഔദ്യോഗിക വസതി വരെയുള്ള പാത റോളർ സ്‌കേറ്റിങ് പരിശീലന സൗകര്യത്തോടെ മിനുക്കിയെടുക്കുകയാണ് അടുത്ത ലക്ഷ്യം. ഇതിന് മുന്നോടിയായി നവീകരിക്കുന്ന പാതയുടെ അരികുകളിൽ ഞായറാഴ്ച തണൽ വിരിക്കാൻ അശോക മരങ്ങൾ നട്ടുപിടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പദ്ധതിയിലാണ് പാത നവീകരണം. നടപ്പാതകളിൽ ഇന്റർലോക്ക് പാകും. സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെയാണ് സ്‌കേറ്റിങ് സൗകര്യം ഒരുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകുന്നതുൾപ്പെടെയുള്ള പദ്ധതികളാണ് ഇവിടെ ആസൂത്രണം ചെയ്തിട്ടുള്ളത്.

കളക്ടറേറ്റിൽ തലയുയർത്തി ഗാന്ധിജി

രാഷ്ട്രപിതാവ് ഗാന്ധിജിയുടെ നൂറ്റി അൻപതാം ജന്മദിന വാർഷികാഘോഷ വേളയിലാണ് കളക്ടറേറ്റ് മുറ്റത്ത് മഹാത്മജിയുടെ പൂർണകായ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തത്. ജില്ലാ ഭരണസിരാകേന്ദ്രത്തിന് അർഹിക്കുന്ന പ്രൗഢിയും ഔന്നിത്യവും നൽകുന്നതിനായാണ് കളക്ടറേറ്റ് മുറ്റത്ത് മഹാത്മഗാന്ധിയുടെ പൂർണ്ണകായ പ്രതിമ സ്ഥാപിച്ചത്. 22 ലക്ഷം രൂപ മുതൽ മുടക്കി നിർമ്മിച്ച പ്രതിമ ഉണ്ണി കാനായിയാണ് രൂപകൽപന ചെയ്തത്.
കളക്ടറേറ്റിന് മുന്നിൽ സർക്കാർ മുദ്ര സ്ഥാപിച്ചതോടെ കൂടുതൽ ആകർഷകമായി. പ്രധാന കെട്ടിടത്തിലെ കൊടിമരത്തോട് ചേർന്ന് വലിയ ഗാന്ധിപ്രതിമക്കും കെട്ടിടത്തിലെ ക്ലോക്കിനും ഇടയിലായാണ് സ്വർണനിറത്തിലുള്ള മുദ്ര ആലേഖനം ചെയ്തത്. എട്ട് അടി വീതിയിലും അഞ്ച് അടി നീളത്തിലുമാണ് കേരള സർക്കാരിന്റെ മുദ്ര തയ്യാറാക്കിയത്. കെട്ടിടവും പരിസരവും മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബുവിന്റെ ആശയത്തിൽ നിന്നുമാണ് ക്ലോക്ക് ടവർ ഉൾപ്പെടെ യാഥാർഥ്യമായത്.