കാര്‍ഷിക സമൃദ്ധിയുടെ വീണ്ടെടുപ്പിനായി കുളക്കട ഗ്രാമപഞ്ചായത്തില്‍ ‘വല്ലം നിറ’ പദ്ധതിക്ക് തുടക്കമായി. പൂവറ്റുര്‍ വേങ്ങശേരിയിലെ തരിശുഭൂമിയില്‍ പച്ചക്കറി തൈ നട്ട് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഇന്ദു കുമാര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും നാടിനെ കാര്‍ഷിക സമൃദ്ധിയിലേക്ക് നയിക്കാനാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിടുന്നത്. പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ തരിശ് ഭൂമിയും കൃഷിയോഗ്യമാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി പ്രസിഡന്റ് പറഞ്ഞു.
കുളക്കട ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി 12 ഏക്കര്‍ തരിശുഭൂമി ഏറ്റെടുത്താണ് കൃഷി ചെയ്യുന്നത്. പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്കാണ് പദ്ധതിയുടെ മേല്‍നോട്ടം. തൊഴിലുറപ്പ് പദ്ധതി വഴിയാണ് നിലമൊരുക്കല്‍, നടീല്‍, പരിപാലനം എന്നിവ നടത്തുന്നത്. പയര്‍, വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, ചീര, ചേന, ചേമ്പ്, പടവലം, പാവല്‍ എന്നിവയ്ക്ക് പുറമെ ശീതകാല പച്ചക്കറികളായ കോളിഫ്‌ളവര്‍, കാബേജ് എന്നിവയും കൃഷി ചെയ്യും. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയും ഇതിനൊപ്പമാണ് നടപ്പാക്കുന്നത്. വിളകളുടെ വിപണനത്തിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രത്യേക വിപണന യൂണിറ്റുകള്‍ തുറക്കും.