കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ നീലേശ്വരം ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ നിർവ്വഹിച്ചു. പച്ചക്കറി കൃഷി വികസന പദ്ധതിയിലൂടെ അയൽ സംസ്ഥാന പച്ചക്കറിയുടെ ആശ്രയത്വം കുറക്കാനും സ്വന്തമായി ഉൽപാദനം ഉയർത്താൻ സാധിച്ചതും പദ്ധതിയുടെ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
നീലേശ്വരം ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.കെ ലക്ഷ്മി അധ്യക്ഷത വഹിച്ചു. വീടുകളിൽ പോഷണ തോട്ടങ്ങൾ ഒരുക്കുന്നതിനുള്ള പച്ചക്കറിതൈകളും വിത്ത് പാക്കറ്റും വിതരണം ചെയ്തു. കാസർകോട് പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ വീണാ റാണി പദ്ധതി വിശദീകരണം നടത്തി. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സുമേഷ്, കെ. വല്ലി, വി.വി സുനിത എന്നിവർ സംസാരിച്ചു. നീലേശ്വരം കൃഷി അസിസ്റ്റൻറ് ഡയറക്ടർ എസ് സുനിത സ്വാഗതവും കൃഷി ഓഫീസർ ഷിജോ.കെ.എ നന്ദിയും പറഞ്ഞു.