കോവിഡ് പ്രതിസന്ധിയിലകപ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ കാലിത്തീറ്റയും ധനസഹായവും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിതരണോദ്ഘാടനം നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് നിര്‍വഹിച്ചു. ജില്ലയിലെ 530 ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റയും കോവിഡ് ബാധിച്ച് മരണമടഞ്ഞ 13 കര്‍ഷകരുടെ ആശ്രിതര്‍ക്ക് ധനസഹായവുമാണ് വിതരണം ചെയ്തത്.കോവിഡ് കാലത്ത് ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടവരെ സഹായിക്കുന്ന ഇത്തരം പദ്ധതികള്‍ ഏറെ അഭിനന്ദനാര്‍ഹമാണെന്ന് സ്പീക്കര്‍ പറഞ്ഞു. മില്‍മയുടെ നേതൃത്വത്തില്‍ പാലില്‍ നിന്നും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ കുടുംബശ്രീയുടെ സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തിയാല്‍ സത്രീ ശാക്തീകരണത്തിന് ഉതകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അധ്യക്ഷയായി.
കോവിഡ് ബാധിച്ച് ക്വാറന്റൈനില്‍ പോകേണ്ടി വന്നതു മൂലം സഹകരണസംഘത്തില്‍ പാല്‍ നല്‍കാന്‍ കഴിയാതെ സാമ്പത്തിക നഷ്ടം സംഭവിച്ച കര്‍ഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ദുരന്തനിവാരണ കമ്മിറ്റി രൂപീകരിക്കുകയും കമ്മിറ്റിയുടെ തീരുമാന പ്രകാരം ക്ഷീരകര്‍ഷകര്‍ക്ക് 100 കിലോ വീതം കാലിത്തീറ്റ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങള്‍, മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ എന്നിവര്‍ വഴി 1301 ബാഗ് കാലിത്തീറ്റ സംഭാവനയായി ലഭിച്ചു. 2021 മെയ് 31 വരെയുള്ള കണക്കനുസരിച്ച് 530 കര്‍ഷകര്‍ക്കാണ് കോവിഡ് മൂലം സാമ്പത്തിക നഷ്ടം ഉണ്ടായിരിക്കുന്നത്. *ഇവര്‍ക്കായി ആദ്യഘട്ടത്തില്‍ ഒരാള്‍ക്ക് 100 കിലോ വീതം1060 ബാഗ് കാലിത്തീറ്റ സൗജന്യമായി വിതരണം ചെയ്തു.കോവിഡ് ബാധിച്ച് മരിച്ച 13 കര്‍ഷകരുടെ ആശ്രിതര്‍ക്ക് 1000 രൂപ വീതം ദുരന്തനിവാരണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു. ധനസഹായത്തിന്റെ വിതരണോദ്ഘാടനം മില്‍മ മലബാര്‍ യൂണിയന്‍ ചെയര്‍മാന്‍ കെ.എസ് മണി നിര്‍വഹിച്ചു.
കോവിഡ് മാനദണ്ഡം പാലിച്ച് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ദേവദാസ്, നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി ബാലചന്ദ്രന്‍, ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ ജെ.എസ് ജയസുജീഷ്, ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍.ബിന്ദു, വിവിധ ക്ഷീര സംഘങ്ങളിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.