പറമ്പിക്കുളത്തെ പട്ടികവർഗ കോളനികളായ തേക്കടി അല്ലിമൂപ്പൻ കോളനി, 30 ഏക്കർ കോളനി സന്ദർശിച്ച് ജില്ലാ കലക്ടർ മൃൺമയി ജോഷി പ്രദേശവാസികളുടെ ആവശ്യങ്ങളും പരാതികളും വിലയിരുത്തി. വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ആരംഭിച്ച സാഹചര്യത്തിൽ കോളനികൾ സന്ദർശിച്ച് കുട്ടികളുടെ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളും കലക്ടർ വിലയിരുത്തി.
വാക്സിനേഷൻ പ്രവർത്തനങ്ങളുടെ പുരോഗതി, പ്രദേശത്ത് വൈദ്യുതി എത്താത്ത സ്ഥലങ്ങളിലെ വൈദ്യുതീകരണം, കീരപ്പാടി – തേക്കടി റോഡ് നവീകരണം, കുടിവെള്ള പ്രശ്നങ്ങൾ, ഭവന രഹിതരുടെ പ്രശ്നങ്ങൾ, വീട് നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാത്തവരുടെ ബുദ്ധിമുട്ടുകൾ സംബന്ധിച്ചും കലക്ടർ പ്രദേശവാസികളോട് ചോദിച്ചറിഞ്ഞു. പ്രദേശത്തെ വിവിധ വീടുകളും കലക്ടർ സന്ദർശിച്ചു. മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബേബി സുധ, ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ എം. മല്ലിക, പറമ്പിക്കുളം, കൊല്ലങ്കോട് റേഞ്ച് ഓഫീസർമാർ, ഉദ്യോഗസ്ഥർ എന്നിവർ അനുഗമിച്ചു.