തനിച്ചാണെന്ന തോന്നലുകള്‍ ഇനി വേണ്ട. ഏതാവശ്യങ്ങള്‍ക്കും സമീപിക്കുന്നതിനായി ഗുരുവായൂര്‍ നഗരസഭയുടെ ‘ഒപ്പമുണ്ട് ഞങ്ങള്‍’ പദ്ധതിക്ക് തുടക്കം. നഗരസഭാ പരിധിയില്‍ ഒറ്റപ്പെട്ട് താമസിക്കുന്ന ആളുകള്‍ക്ക് അവശ്യ സേവനം ഉറപ്പാക്കുന്നതിനാണ് പദ്ധതി. ഉറ്റവരുടെ അഭാവത്തില്‍ ഏകാന്തത അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകാന്‍ കോവിഡ് ഹെല്‍പ്പ് ഡെസ്കിന്‍റെ ഭാഗമായാണ് പദ്ധതി രൂപീകരിച്ചത്. നിലവില്‍ 38 ഓളം പേരാണ് നഗരസഭയില്‍ തനിച്ചു താമസിക്കുന്നത്. ഇവര്‍ക്ക് ഏത് നേരത്തും സഹായങ്ങള്‍ക്കായി നഗരസഭാ ഹെല്‍പ് ലൈനിലേക്ക് ബന്ധപ്പെടാം.38 -ാം വാര്‍ഡിലെ കോവാട്ട് വീട്ടില്‍ അരവിന്ദനെ ഫോണില്‍ വിളിച്ചു കൊണ്ട് നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇദ്ദേഹത്തിന് നിലവില്‍ നഗരസഭ ആര്‍ ആര്‍ ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഭക്ഷണം എത്തിച്ചു വരുന്നുണ്ട്. എന്നാല്‍ ഒപ്പമുണ്ട് ഞങ്ങള്‍ പരിപാടിയുടെ ഭാഗമായപ്പോള്‍ സ്വയം പാചകം ചെയ്ത് ഭക്ഷണം കഴിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനാല്‍ ഭക്ഷ്യകിറ്റ് അരവിന്ദന്‍റെ വീട്ടില്‍ എത്തിച്ചു.വരും ദിവസങ്ങളില്‍ നഗരസഭ വൈസ് ചെയര്‍പേഴ്സന്‍ എം പി അനീഷ്മ, സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്നിവര്‍ നേരിട്ട് ആളുകളെ വിളിക്കുകയും അവര്‍ക്കായുള്ള മാനസിക പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് നഗരസഭാധ്യക്ഷന്‍ അറിയിച്ചു. നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിംങ് കമ്മിറ്റി അധ്യക്ഷന്‍ എ എസ് മനോജ്, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരായ വി സി നീതു, പിങ്കി രാജു, വാര്‍ഡ് കൗണ്‍സിലര്‍ നിഷി പുഷ്പരാജ്, ആര്‍ ആര്‍ ടി പ്രവര്‍ത്തകരായ സി ജി പ്രതീഷ്, പ്രേംശാന്തന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.