* 900 കോൾഡ് ബോക്സുകൾ കൂടി അനുവദിച്ചു

സംസ്ഥാനത്തിന് 2,26,780 ഡോസ് വാക്സിൻ കൂടി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 1,76,780 ഡോസ് കോവീഷീൽഡ് വാക്സിനും 50,000 കോവാക്സിനുമാണ് ലഭിച്ചത്. കോവാക്സിൻ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. തിരുവനന്തപുരം 53,500, എറണാകുളം 61,640, കോഴിക്കോട് 61,640 എന്നിങ്ങനെ ഡോസ് കോവീഷീൽഡ് വാക്സിനാണ് അനുവദിച്ചത്.

900 കോൾഡ് ബോക്സുകൾ കൂടി സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട്. ഇതിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ 240 കോൾഡ് ബോക്സുകൾ വീതം എത്തിയിട്ടുണ്ട്. വാക്സിൻ കേടാകാതെ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയുന്നതാണ് കോൾഡ് ബോക്സ്. താപനഷ്ടം പരമാവധി കുറയ്ക്കും വിധം പ്രത്യേക പോളിമറുകൾ ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഏറെ നേരം വൈദ്യുതി തടസപ്പെടുകയോ ഐസ് ലൈൻഡ് റഫ്രിജറേറ്ററുകൾ കേടാകുകയോ ചെയ്യുന്ന അവസരങ്ങളിൽ വാക്സിനുകൾ സൂക്ഷിക്കാനാണ് കോൾഡ് ബോക്സുകൾ ഉപയോഗിക്കുന്നത്. കൂടാതെ ജില്ലാ റീജിയണൽ വാക്സിൻ സ്റ്റോറുകളിൽ നിന്ന് വാക്സിൻ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് എത്തിക്കുന്നതിനും ഇവ ഉപയോഗിക്കുന്നു. 20 ലിറ്ററിന്റെ കോൾഡ് ബോക്സുകളാണ് സംസ്ഥാനത്തിന് ലഭിച്ചത്.