എറണാകുളം: ടൗട്ടേ ചുഴലിക്കാറ്റ് മൂലം ഉപജീവനമാർഗ്ഗം നഷ്ടമായ കുഴുപ്പിള്ളി പഞ്ചായത്തിൽ സമുദ്രമേഖലയിലെ രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ഉൾനാടൻ മേഖലയിലെ അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ഫിഷറീസ് വകുപ്പ് മുഖേന ധനസഹായം നൽകുന്നതിന്റെ ഉദ്ഘാടനം കെ . എൻ ഉണ്ണികൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു. പദ്ധതിപ്രകാരം 617 കുടുംബങ്ങൾക്കാണ് 1200 രൂപ സഹായം അക്കൗണ്ടിൽ എത്തിച്ചത്.

ജില്ലയിൽ തീരദേശ മേഖലയിലെ 9992 സജീവ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും 6075 അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും . വൈപ്പിൻ മേഖലയിലെ 5177 സജീവ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും, 3630 അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ഉൾപ്പെടെ ആകെ 8807 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഈ ആനുകൂ ല്യം ലഭ്യമാകുമെന്ന് എം.എൽ.എ പറഞ്ഞു .

കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് കെ എസ് നിബിൻ അധ്യക്ഷത വഹിച്ചു. ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ നൗഷർ ഖാൻ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ജയ്‌സൺ, ഫിഷറീസ് സൂപ്രണ്ട് പി സന്ദീപ്,പഞ്ചായത്ത് സെക്രട്ടറി സഞ്ജീവ് പ്രഭു, മുനമ്പം മത്സ്യഭവൻ ഓഫീസർ എം എൻ സുലേഖ എന്നിവർ പങ്കെടുത്തു.