തൃശ്ശൂർ: മാള പഞ്ചായത്തിലെ പത്താം വാര്‍ഡ് വട്ടക്കോട്ട കുന്നത്ത് പാടം പ്രദേശത്തെ ആറ് കുടുംബങ്ങളുടെ വഴി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പഞ്ചായത്തിന്‍റെ ഇടപെടല്‍. മണ്ണിട്ട റോഡിന് പകരം സഞ്ചാര യോഗ്യമായ കോണ്‍ക്രീറ്റ് വഴിയും വഴിവിളക്കും എത്തുമെന്നുറപ്പായതോടെ ഏറെ സന്തോഷത്തിലാണ് ഇവിടുത്തെ കുടുംബങ്ങള്‍. 2014 ല്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും പിന്നോക്ക വിഭാഗങ്ങള്‍ക്കായി അനുവദിച്ചു കിട്ടിയ മൂന്ന് സെന്‍റ് സ്ഥലത്താണ് ആറ് കുടുംബങ്ങള്‍ വീട് വെച്ച് താമസിക്കുന്നത്. പട്ടിക ജാതി വിഭാഗക്കാരായ അഞ്ച് കുടുംബങ്ങളും ഒരു ക്രിസ്ത്യന്‍ കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്.

പാടത്തോട് ചേര്‍ന്നു കിടക്കുന്ന 10 അടി വീതിയിലുള്ള മണ്‍വഴി പഞ്ചായത്തിന്‍റെ സഹകരണത്തോടെ കോണ്‍ക്രീറ്റ് റോഡായി നിര്‍മ്മിക്കും. രാത്രി സഞ്ചാരത്തിനുള്ള സൗകര്യത്തിനായി വഴി വിളക്കും സ്ഥാപിക്കും. വീടുകളിലെ കിണറുകളില്‍ ചെളിയുടെ അംശം നിറഞ്ഞ വെള്ളമാണ് ഇപ്പോഴുള്ളത് എന്ന പ്രശ്നത്തിനും പരിഹാരം കണ്ടെത്താന്‍ പഞ്ചായത്ത് ഭരണസമതിയുടെ ഇടപെടല്‍ നടന്നു. കുടുംബങ്ങള്‍ക്ക് ജലനിധി പദ്ധയിയില്‍ ഉള്‍പ്പെടുത്തി കുടിവെള്ളം ഉറപ്പാക്കും. പഞ്ചായത്തിന്‍റെ ഭാഗത്തു നിന്നും റോഡിനും കുടിവെള്ളത്തിനുമായി പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് പ്രദേശവാസിയായ കിഴക്കുമ്പുറത്ത് വീട്ടില്‍ സന്തോഷ് പറഞ്ഞു.

നാളിതുവരെയായി നല്ലൊരു വഴി ഞങ്ങളുടെ വീടുകളിലേക്കില്ലായിരുന്നു. പുതിയ റോഡ് വരുന്നതിലൂടെ ഈ ഭാഗത്തെ വീടുകളിലേക്കുള്ള യാത്രാ സൗകര്യം എളുപ്പമാകും. ഏതൊരാവശ്യത്തിനും വണ്ടി വീട്ട് മുറ്റത്ത് എത്തുന്ന സ്ഥിതിയുണ്ടാകും. കുടിവെള്ള പ്രശ്നത്തിനും ഉടന്‍ തന്നെ പരിഹാരം ഉണ്ടാകും എന്ന പഞ്ചായത്ത് അധികൃതരുടെ ഉറപ്പ് കുടുംബങ്ങള്‍ക്കും ഒരു പോലെ ആശ്വാസമാകുന്നതാണെന്ന് സന്തോഷ് പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്‍റ് സിന്ധു അശോക്, വൈസ് പ്രസിഡന്‍റ് സാബു പോള്‍ എടാട്ടുകാരന്‍, ക്ഷേമ കാര്യ സ്ഥിരം സമിതി അംഗം ജിജു മാടപ്പിള്ളി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചതിന് ശേഷമാണ് വട്ടക്കോട്ട കുന്നത് പാടത്തെ കുടുംബങ്ങളുടെ പ്രശ്നങ്ങള്‍ക്ക് വേണ്ട സഹായം ഉടന്‍ തന്നെ നല്‍കുമെന്ന ഉറപ്പ് നല്‍കിയത്. വഴിയും വഴിവിളക്കിനുമുള്ള സൗകര്യം പഞ്ചായത്ത് ഒരുക്കും. കുടിവെള്ള പ്രശ്നത്തിനും ഉടന്‍ തന്നെ പരിഹാരം കാണുന്നതിനുള്ള നടപടികളുമായിട്ടാണ് പഞ്ചായത്ത് മുന്നോട്ട് പോകുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.