‘ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ജനങ്ങളുടെ പിന്തുണ ആവശ്യം’ 
നമ്മുടെ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് വിദ്യാലയങ്ങള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ലഹരിമാഫിയകള്‍ക്കെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി എക്‌സൈസ് ഉദ്യോഗസ്ഥരെ സഹായിക്കണമെന്ന് എക്സൈസ് വകുപ്പ് മന്ത്രി  ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. വിദ്യാലങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരിവിരുദ്ധ ക്ലബുകള്‍ കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബദിയടുക്ക എക്സൈസ് റേഞ്ച് ഓഫീസ് കെട്ടിടത്തിന്റെ  ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാര്‍ഥികളെ കെണിയില്‍പ്പെടുത്തുവാന്‍ കഴുകന്‍ കണ്ണുകളുമായി ലഹരിമാഫിയകള്‍ കാത്തിരിക്കുകയാണ്. മയക്കുമരുന്നിന്റെയും മറ്റു ലഹരിവസ്തുക്കളുടെയും ഉപയോഗം സമൂഹത്തില്‍ വന്‍ വിപത്തായി മാറിയിരിക്കുകയാണ്. ഒട്ടേറെ യുവാക്കളും വിദ്യാര്‍ഥികളും ലഹരിമാഫിയകളുടെ ഇരയായി. ലഹരിവസ്തുക്കള്‍ വ്യക്തിയെ മാത്രമല്ല കുടുംബങ്ങളെയും സമൂഹത്തെയുമാണ് തകര്‍ക്കുന്നത്. ലഹരിക്കെതിരെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും കുടുംബശ്രീ വഴിയും ബോധവത്കരണം നടക്കുന്നുണ്ട്. ബോധവത്കരണപ്രവര്‍ത്തനങ്ങളില്‍ അതാത് പ്രദേശത്തെ മുഴുവന്‍ ജനങ്ങളും സഹകരിക്കണം. ലഹരിമുക്തസമൂഹമാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരെ നിരന്തരമായ ബോധവത്കരണത്തിലൂടെ അതില്‍  നിന്ന് പിന്തിരിപ്പിക്കാന്‍ നമ്മുക്ക് കഴിയണം.  വാര്‍ഡ് തലം വരെ വ്യാപിച്ചുകിടക്കു വിപുലമായ ശൃംഖലയിലൂടെയാണ്  ലഹരിവിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്-മന്ത്രി പറഞ്ഞു.
ബദിയഡുക്കയില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് റെയിഞ്ച് ഓഫീസിന് സ്വന്തം കെട്ടിടം പത്ത് മാസത്തിനകം പൂര്‍ത്തിയാക്കും. പുതിയ കെട്ടിടം പൂര്‍ത്തിയാകുന്നതോടെ 1992 ല്‍ ആരംഭിച്ച റെയിഞ്ച് ഓഫീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമവും ശക്തവുമാകും. കര്‍ണാടകവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയെന്ന എന്നനിലയില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എല്ലാ ഉദ്യോഗസ്ഥരും പ്രത്യേക ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
ഒരു മേജര്‍ ചെക്ക് പോസ്റ്റും രണ്ട് താല്‍ക്കാലിക ചെക്ക്‌പോസ്റ്റുകളുമാണ് ജില്ലയില്‍ എക്‌സൈസിനുള്ളത്.  ആറ് റെയിഞ്ച് ഓഫീസുകള്‍,  മൂന്നു സര്‍ക്കിള്‍ ഓഫീസ്, എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ തുടങ്ങി ശക്തമായ സാന്നിധ്യം കാസര്‍കോട് ജില്ലയില്‍ എക്‌സൈസിനുണ്ട്. അതിര്‍ത്തിവഴി വ്യാജമദ്യവും മയക്കുമരുന്നും മറ്റ് ലഹരിവസ്തുക്കളും കടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണം. വ്യാജമദ്യവിതരണക്കാരും കഞ്ചാവടക്കമുള്ള ലഹരിവില്‍പ്പനക്കാരും ആദിവാസികോളനികളും ഗ്രാമീണമേഖലകളും മറ്റുമാണ് നോട്ടമിടുന്നത്.  ഇത് സൂക്ഷ്മമായി നിരീക്ഷിക്കുകയും ഇത്തരക്കാരെ നേരിടാന്‍  കര്‍ശനനടപടി സ്വീകരിക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു.
ബദിയടുക്ക കെഎസ്ഇബി സബ് സ്റ്റേഷന് സമീപം നടന്ന ശിലാസ്ഥാപന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷതവഹിച്ചു. ബദിയഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ കൃഷ്ണഭട്ട്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.എസ് അഹമ്മദ്, ബദിയഡുക്ക ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അന്‍വര്‍, ഗ്രാമപഞ്ചായത്ത് അംഗം ബി.ശാന്ത, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, യുണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉത്തരമേഖല ജോയിന്റ് എക്സൈസ് കമ്മീഷ്ണര്‍ ഡി.സന്തോഷ് സ്വാഗതവും കാസര്‍കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.