എക്‌സൈസ് വകുപ്പിന്റെ ശാക്തീകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇതിനകം ഒട്ടേറെ നടപടികള്‍ സ്വീകരിച്ചുണ്ടെന്ന് എക്സൈസ് വകുപ്പ് മന്ത്രി  ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ അംഗബലം വര്‍ധിപ്പിച്ചു. പുതിയ താലൂക്കുകളില്‍ ആറിടത്ത് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് അനുവദിച്ചു. പുതിയ സര്‍ക്കിള്‍ ഓഫീസുകള്‍ക്കു മാത്രമായി 84 തസ്തിക  സൃഷ്ടിച്ചു.  ഇടുക്കി  ദേവികുളത്തും മലപ്പുറം നിലമ്പൂരിലും ജനമൈത്രി സര്‍ക്കിള്‍ ഓഫീസും ഈ  ഓഫീസുകള്‍ക്കായി 20 തസ്തികകളും അനുവദിച്ചു. എല്ലാ എക്‌സൈസ് റെയിഞ്ച് ഓഫീസിലും ഒരാള്‍ വീതം എന്ന നിലയില്‍ 138 വനിതാ സിവില്‍  എക്‌സൈസ് ഓഫീസര്‍മാരുടെ പുതിയ തസ്തിക സൃഷ്ടിച്ചു. 414 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരെ പുതുതായി റിക്രൂട്ട് ചെയ്യുതിനുള്ള  നടപടികള്‍ പുരോഗമിക്കുന്നതായും മന്ത്രി കാസര്‍കോട് ബദിയടുക്കയില്‍ പറഞ്ഞു.
കാസര്‍കോട്, കോട്ടയം, പാലക്കാട്, തൃശൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ എക്‌സൈസ് ടവറുകള്‍ നിര്‍മ്മിക്കും. കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം ടവറുകളുടെ നിര്‍മ്മാണം ആരംഭിച്ചുകഴിഞ്ഞു. ലഹരിക്കിരയായവര്‍ക്ക് ചികിത്സ നല്‍കാനും  പുനരധിവസിപ്പിക്കാനും കോഴിക്കോട് കിനാലൂരില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡീ അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കും. എല്ലാ ജില്ലകളിലും ഡീ അഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങും.
ലഹരിവസ്തുക്കള്‍ക്കെതിരെ  സര്‍ക്കാര്‍  അതിശക്തമായ നടപടികളാണ്  സ്വീകരിക്കുന്നത്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ വലിയതോതില്‍ മയക്കുമരുന്നും കഞ്ചാവും പിടിച്ചെടുത്തു. രണ്ടുവര്‍ഷത്തിനിടയില്‍ 9686 മയക്കുമരുന്ന് കേസുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തു.  വ്യാജമദ്യത്തിനെതിരെയുള്ള നടപടികളും ശക്തമാണ്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നാല്‍പ്പതിനായിരത്തിലേറെ അബ്കാരി കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ടുവര്‍ഷത്തിനിടയില്‍ ഇത്രയേറെ മയക്കുമരുന്ന്, വ്യാജമദ്യ കേസുകള്‍ എക്‌സൈസ് വകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമാണെന്നും മന്ത്രി പറഞ്ഞു.