ലാഭത്തിലുള്ള സംഘങ്ങള്‍ ക്ഷേമനിധിയിലേക്ക് കൂടുതല്‍ സംഭാവന നല്‍കണം
സഹകരണബാങ്കുകളില്‍ നിന്നും വായ്പയെടുത്തവര്‍ക്ക് മാരക രോഗം ബാധിക്കുകയോ, മരണപ്പെടുകയോ ചെയ്താല്‍ വായ്പാ ബാധ്യതയിലേക്ക് ധനസഹായം നല്‍കുന്ന റിസ്‌ക് ഫണ്ട് പദ്ധതി തുക വര്‍ധിപ്പിക്കുന്നത് ആലോചിക്കുമെന്ന് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന്റെ റിസ്‌ക് ഫണ്ട് – ചികിത്സാ ധനസഹായ വിതരണം പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇതിനായി ലാഭകരമായി പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ ക്ഷേമനിധിയിലേക്ക് കൂടുതല്‍ സംഭാവന നല്‍കാന്‍ തയാറാകണം. അങ്ങനെ വന്നാല്‍ നിലവിലുള്ള ചട്ടങ്ങളില്‍ തന്നെ ആവശ്യമായ മാറ്റം വരുത്താന്‍ സാധിക്കും.ഇതുസംബന്ധിച്ച കാര്യങ്ങള്‍ സംഘടനാ നേതാക്കന്മാരുമായും സഹകരണ ബാങ്കുകളുടെ അസോസിയേഷന്റെ ഭാരവാഹികളുമായും ആലോചിക്കും. സഹകരണ പ്രസ്ഥാനത്തിന്റെ കൈത്താങ്ങാണ് റിസ്‌ക്ഫണ്ട്. കൂടുതല്‍ വിശ്വാസമാര്‍ജിക്കുന്നതിനും സുതാര്യമായി പ്രവര്‍ത്തിക്കുന്നതിനും സഹകരണ പ്രസ്ഥാനത്തിന്റെ നന്മയെ ഉയര്‍ത്തിപ്പിടിക്കുന്നതിനും സഹകരണ ബാങ്കുകള്‍ക്ക് സാധിക്കണമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ സഹകരണ പ്രസ്ഥാനം ലോകത്തിനു തന്നെ മാതൃകയാകുന്നത് റിസ്‌ക്ഫണ്ട്-ചികിത്സാ ധനസഹായം പോലെ  നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതു കൊണ്ടാണ്. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്ന ആളിന് പെട്ടെന്ന് മാരകമായ അസുഖം പിടിപെടുകയോ, മരണപ്പെടുകയോ ചെയ്താല്‍ സഹായിക്കുന്നതിനാണ് റിസ്‌ക് ഫണ്ട് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഒരു നല്ല വായ്പക്കാരന് നല്‍കുന്ന ആനുകൂല്യമാണ് റിസ്‌ക്ഫണ്ട്. ഇന്ത്യയില്‍ കേരളം മാത്രമാണ് ഈ ആനുകൂല്യം നല്‍കുന്നത്. വേറൊരു സംസ്ഥാനത്തും ഇത്തരം പദ്ധതിയില്ല. നല്ല പ്രവര്‍ത്തികള്‍ സഹകരണ പ്രസ്ഥാനം നടത്തുന്നതാണ് കേരളത്തിലെ സഹകരണ മേഖലയുടെ മുന്നേറ്റത്തിന് അടിസ്ഥാനം.
റിസ്‌ക് ഫണ്ടിലൂടെ സഹായിക്കുന്നതിന് ലക്ഷ്യമിട്ടിട്ടുള്ളത് കയറിക്കിടക്കാന്‍ കിടപ്പാടമില്ലാത്ത, പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള പാവപ്പെട്ടവരെയാണ്. 50 ലക്ഷമോ ഒരു കോടി രൂപയോ വായ്പയെടുത്തവരെയല്ല. മറിച്ച് 50,000 രൂപയോ 25,000 രൂപയോ 5,000 രൂപയോ വായ്പയെടുക്കുന്നവരെയാണ്. ഇങ്ങനെയുള്ളവര്‍ക്ക് കൈത്താങ്ങ് നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.  ഇന്നിപ്പോള്‍ ആറുമാസമോ, മൂന്നു മാസമോ തിരിച്ചടവ് വൈകുന്ന ഒരാള്‍ക്ക് സഹായം നല്‍കാന്‍ കഴിയുന്നില്ല. ഇതുസംബന്ധിച്ച് ലഭിക്കുന്ന നിവേദനങ്ങളുടെ ഉള്ളടക്കം അറിയുമ്പോള്‍ മനസുകൊണ്ട് കരഞ്ഞു പോകാറുണ്ട്. വായ്പയെടുത്ത് കൃത്യമായി അടച്ചു കൊണ്ടിരുന്നയാള്‍ അസുഖം ബാധിച്ച് കിടപ്പിലാകുന്നതാണ് ഇങ്ങനെ വായ്പ തിരിച്ചടവ് മുടങ്ങുന്നതിനു പ്രധാന കാരണം. രോഗം വന്നയാളെ ചികിത്സിക്കണോ, ബാങ്ക് വായ്പ തിരിച്ചടയ്ക്കണോയെന്ന ചോദ്യം കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ ഈ ഘട്ടത്തില്‍ ഉയരും. രോഗം വന്ന പ്രിയപ്പെട്ടയാളെ ചികിത്സിച്ചു ഭേദമാക്കുന്നതിനുള്ള ഓട്ടമായിരിക്കും പിന്നെ നടക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ വായ്പ തിരിച്ചടവ് മുടങ്ങുന്നവരെ സഹായിക്കാന്‍ നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരം കഴിയുന്നില്ലെന്ന സാഹചര്യമുണ്ട്. ഇത് എങ്ങനെ പരിഹരിക്കാന്‍ സാധിക്കും, റിസ്‌ക് ഫണ്ടിന്റെ വരുമാനം എങ്ങനെ വര്‍ധിപ്പിക്കാന്‍ സാധിക്കും തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കും.
ബാങ്ക് വായ്പ നല്‍കുന്നത് തിരിച്ചടവിനു വേണ്ടിയാണ്. തിരിച്ചടയ്ക്കുകയെന്നത് വായ്പ എടുക്കുന്നതിനോളം പ്രാധാന്യമുള്ള കാര്യമാണ്. വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെയിരിക്കുന്നത് ഒട്ടും തന്നെ നല്ല കാര്യമല്ല. ബാങ്കിന്റെ നിക്ഷേപം എന്നു പറയുന്നത് നാട്ടുകാരില്‍ നിന്ന് സമാഹരിക്കുന്ന നിക്ഷേപമാണ്. ഈ പണമാണ് വായ്പയായി വിതരണം ചെയ്യുന്നത്. നിക്ഷേപകന് പണം പലിശ അടക്കം തിരികെ നല്‍കേണ്ടതുണ്ട്. ഇതു സാധ്യമാകണമെങ്കില്‍ വായ്പ എടുക്കുന്നവര്‍ തിരിച്ചടയ്ക്കണം. ചിലര്‍ മനപൂര്‍വം വായ്പ തിരിച്ചടയ്ക്കില്ലെന്നും മന്ത്രി പറഞ്ഞു. റിസ്‌ക് ഫണ്ട് -ചികിത്സാ ധനസഹായവും ആലപ്പുഴ ജില്ലയിലെ പള്ളിത്തോട്  സര്‍വീസ് സഹകരണ ബാങ്കിനും ഇടുക്കി ജില്ലയിലെ സേനാപതി സര്‍വീസ് സഹകരണ ബാങ്കിനും പുനരുദ്ധാരണ പദ്ധതി പ്രകാരമുള്ള സഹായധനവും  മന്ത്രി വിതരണം ചെയ്തു.
സാമൂഹികമായ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായ ഇടപെടലാണ് സംസ്ഥാന സഹകരണ വകുപ്പ് നടത്തുന്നതെന്ന്  റിസ്‌ക് ഫണ്ട് ധനസഹായ വിതരണം നിര്‍വഹിച്ച വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. കെഎസ്ആര്‍ടിസിക്കു സഹായം നല്‍കിയതുള്‍പ്പെടെ മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങളാണ് സഹകരണ വകുപ്പ് നടത്തി വരുന്നത്. മുഖ്യമന്ത്രിയുടെ ചികിത്സാ സഹായമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍, വ്യാപകമായി നല്‍കുന്നത്. ഇതു കഴിഞ്ഞാല്‍ രണ്ടാമത് സംസ്ഥാന സഹകരണ വകുപ്പിന്റെ റിസ്‌ക് ഫണ്ട് -ചികിത്സാ ധനസഹായമാണ്. സഹകരണ പ്രസ്ഥാനം ശക്തമായി നിലനില്‍ക്കേണ്ടത് സാമൂഹിക നീതി ഉറപ്പാക്കുന്നതിന് അനിവാര്യമാണെന്നും എംഎല്‍എ പറഞ്ഞു. കേരളത്തിലെ സഹകരണ പ്രസ്ഥാനം മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന്  ചികിത്സാ ധനസഹായ വിതരണം നിര്‍വഹിച്ച പത്തനംതിട്ട നഗരസഭ അധ്യക്ഷ രജനി പ്രദീപ് പറഞ്ഞു.
കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. മമ്മിക്കുട്ടി അധ്യക്ഷത വഹിച്ച യോഗത്തില്‍ സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എം. ലീലാമ്മ, സംസ്ഥാന കോ-ഓപ്പറേറ്റീവ് യൂണിയന്‍ കണ്‍വീനര്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍, സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് സെക്രട്ടറി ടി. പത്മകുമാര്‍, പിഎസിഎസ് അസോസിയേഷന്‍ സെക്രട്ടറി മത്തായി ചാക്കോ, പിസിഎആര്‍ഡിബി പ്രസിഡന്റ് അഡ്വ. വല്‍സന്‍ റ്റി കോശി, തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്ക് ചെയര്‍മാന്‍ ആര്‍. സനല്‍കുമാര്‍, പത്തനംതിട്ട ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ പി.ജെ. അബ്ദുള്‍ ഗഫാര്‍, ജോയിന്റ് ഡയറക്ടര്‍(ഓഡിറ്റ്) എസ്. പത്മജ, പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ എം. റോയി, ഡിബിഇഎഫ് ജില്ലാ സെക്രട്ടറി കെ.ബി. ശിവാനന്ദന്‍, ഡിബിഇഎ സംസ്ഥാന കമ്മിറ്റി അംഗം റ്റി.കെ. സനില്‍കുമാര്‍, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) പ്രതിനിധി ഗോപകുമാര്‍, കോ-ഓപ്പറേറ്റീവ് എപ്ലോയീസ് ഫ്രണ്ട് പ്രതിനിധി ജോഷ്വാ മാത്യു, കെസിഇസി(എഐടിയുസി) പ്രതിനിധി ബെന്‍സി തോമസ്, കെസിഡിഡബ്ല്യുഎഫ്ബി ഡയറക്ടര്‍മാരായ കെ.വി. മോഹനന്‍, അഡ്വ.എന്‍. ദാമോദരന്‍ നായര്‍, റ്റി.എന്‍.കെ.ശശീന്ദ്രന്‍, പി.എം. ഡേവിഡ്, ഡി.ആര്‍. അനില്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ ഷാജി ജെ. ജോണ്‍, ഡോ. സജി ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു.