പരിയാരം മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമുള്ള പ്രത്യേക ഹോമിയോ ആശുപത്രി സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ആലോചനകള്‍ പ്രാഥമിക ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു. ആറളം ഫാമില്‍ ഐ.പി സൗകര്യത്തോടെയുള്ള ഹോമിയോ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിലെ എല്ലാ പഞ്ചായത്തിലും ഹോമിയോ ഡിസ്‌പെന്‍സറിയെന്ന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും അടുത്ത മൂന്ന് വര്‍ഷത്തിനകം ഇത് സാക്ഷാല്‍ക്കരിക്കുമെന്നും മന്ത്രി അറിയിച്ചു.
ആലോപ്പതിയോടൊപ്പം, ആയുഷ് വകുപ്പിന് കീഴില്‍ വരുന്ന ഹോമിയോ, ആയുര്‍വേദം, യൂനാനി, സിദ്ധ തുടങ്ങിയ വൈദ്യവിഭാഗങ്ങളെയും ശക്തിപ്പെടുത്തുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി ഹോമിയോ, ആയുര്‍വേദ ആശുപത്രികള്‍ കൂടി ഹൈടെക്കാക്കുമെന്നും മന്ത്രി അറിയിച്ചു.
നേരത്തേ ആറളം ഫാമിലെ വളയംചാലിലുണ്ടായിരുന്ന ഗവ. ഹോമിയോ ആശുപത്രി ആരോഗ്യ വകുപ്പ് അനുവദിച്ച 28 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ചാണ് 10 രോഗികളെ കിടത്തി ചികില്‍സിക്കാനുള്ള സൗകര്യമുള്‍പ്പെടെ പുതിയ ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ വൈദ്യുതീകരണത്തിനായി ആറളം പഞ്ചായത്ത് 2.75 ലക്ഷം രൂപയും ചെലവഴിച്ചു.
ആശുപത്രി പരിസരത്ത് നടന്ന ഉദ്ഘാടനച്ചടങ്ങില്‍ സണ്ണി ജോസഫ് എം.എല്‍.എ അധ്യക്ഷനായി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ എന്‍.ടി മെഡിക്കല്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു. ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപറമ്പില്‍, വൈസ് പ്രസിഡന്റ് കെ വേലായുധന്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. മാര്‍ഗരറ്റ് ജോസ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ ഡോ. ത്രേസ്യാമ്മ കൊങ്ങോല, ജോഷി പാലമറ്റം, പഞ്ചായത്തംഗം പി.കെ കരുണാകരന്‍, ഹോമിയോ ഡി.എം.ഒമാരായ ഡോ. ഡി ബിജുകുമാര്‍ (കണ്ണൂര്‍), ഡോ. കവിതാ പുരുഷോത്തമന്‍ (കോഴിക്കോട്), ഡോ. എന്‍ സോമന്‍ (വയനാട്), ആറളം ഫാം എം.ഡി വേണുഗോപാല്‍ കെ.പി, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. എ.ടി സുരേഷ്, ആറളം ഫാം ഗവ. ഹോമിയോ ആശുപത്രി സി.എം.ഒ ഡോ. ആര്‍ സുനില്‍ രാജ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.