നമ്മുടെ ജനസംഖ്യയിലെ 10 ശതമാനം വരുന്ന പട്ടിക ജാതി -പട്ടിക വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ഇവര്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കേണ്ടതുണ്ടെന്ന് പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്‍. പട്ടിക ജാതി വകുപ്പ് ശ്രീകണ്ഠാപുരം കോട്ടൂരില്‍ പുതുതായി നിര്‍മ്മിച്ച പ്രീമെട്രിക് ഹോസ്റ്റലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ് സി, എസ് ടി വിഭാഗത്തില്‍പ്പെടുന്ന 20400 വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്നുണ്ടെന്നും 142 ഹോസ്റ്റലുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഈ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിനുള്ള ശക്തമായ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും വാടകയ്ക്ക് താമസിക്കുന്ന കുട്ടികള്‍ക്ക് സ്ഥിരം കെട്ടിടം നിര്‍മ്മിക്കുന്ന പ്രവൃത്തിയും നിലവിലുള്ള ഹോസ്റ്റലുകളുടെ നവീകരണ പ്രവവൃത്തിയും അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വിഭാഗത്തിന്റെ സുസ്ഥിര വികസനത്തില്‍ പ്രധാനപ്പെട്ടതാണ് വിദ്യാഭ്യാസം. പട്ടികജതി വിഭാഗത്തില്‍ സ്ഥലമുണ്ടായട്ടും വീടില്ലാത്ത പതിനാറായിരത്തോളം കുടംബങ്ങളും വീടും സ്ഥലവുമില്ലാത്ത 70000 കുടുംബങ്ങളുമുണ്ട്. ലൈഫ് പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ഇവര്‍ക്ക് ഒന്നര വര്‍ഷം കൊണ്ട് വീടുവച്ചുനല്‍കും.
എസ് സി, എസ് ടി വിദ്യാഭ്യാസത്തില്‍ മറ്റേത് സംസ്ഥാനത്തേക്കാളും മുന്നിലാണ് കേരളം. മോഡേണ്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് സമാനമായി മോഡേണ്‍ റസിഡന്‍ഷ്യല്‍ കോളേജുകള്‍ ആരംഭിക്കേണ്ടതുണ്ട്. 2 ലക്ഷം രൂപ വീതം ചിലവില്‍ 25000 പഠനമുറികള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതികള്‍ ആരംഭിച്ചുകഴിഞ്ഞതായും ആദിവാസി കോളനികളില്‍ ഊര് അടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി പഠന മുറികളായിരിക്കും നിര്‍മ്മിക്കുകയെന്നും മന്ത്രി അറിയിച്ചു.
തിരഞ്ഞെടുത്ത കോളനികള്‍ നവീകരിക്കുന്നതിന് ഒരു കോളനിക്ക് ഒരു കോടി രൂപ വീതം നല്‍കുമെന്നും ഒരോ മണ്ഡലത്തില്‍ നിന്നും രണ്ട് കോളനികള്‍ വീതം എം എല്‍ എമാര്‍ക്ക് തെരഞ്ഞെടുക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഐ ടി ഐകളില്‍ പഠിച്ച് വിവിധ സ്ഥാപങ്ങളില്‍ ട്രെയിനിങ് നേടിയ 1365 പേരെ വിദേശത്ത് അയച്ചിട്ടുണ്ടെന്നും ഇവരുടെ യാത്രാ ചെലവിനായി 1 ലക്ഷം രൂപ വീതം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി മേഖലയില്‍ ബി എഡ്, ടിടിസി കഴിഞ്ഞ മുഴുവന്‍ പേര്‍ക്കും തൊഴില്‍ നല്‍കാന്‍ തീരുമാനിച്ചതായും വയനാട്ടില്‍ 241 പേരെ ഇതിനോടകം നിയമിച്ചുകഴിഞ്ഞെന്നും മന്ത്രി അറിയിച്ചു. ആദിവാസി പെണ്‍കുട്ടികള്‍ക്ക് 18 വയസാകുമ്പോള്‍ മൂന്ന് ലക്ഷം രൂപ ലഭിക്കുന്ന രീതിയില്‍ ജനന സമയത്ത് തന്നെ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ സി ജോസഫ് എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വസന്തകുമാരി, ശ്രീകണ്ഠാപുരം നഗരസഭ ചെയര്‍മാന്‍ പി പി രാഘവന്‍, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം അനില്‍കുമാര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ കെ ഷാജു, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം വി വിജയലക്ഷ്മി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.