കശുവണ്ടി മേഖലയിലെ പ്രശ്‌നപരിഹാര ചര്‍ച്ച
കശുവണ്ടി മേഖലയില്‍ വ്യവസായികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും തൊഴില്‍ സുരക്ഷ ഉറപ്പാക്കാനും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കശുവണ്ടി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ആശ്രാമം സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വ്യവസായികളുമായും തൊഴിലാളി യൂണിയന്‍ നേതാക്കളുമായും ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.
വ്യവസായികളുടെ കടബാധ്യത തീര്‍ക്കുന്നതിന് സാവകാശം നല്‍കുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകളുമായി ചര്‍ച്ച നടത്തും. വേണ്ടിവന്നാല്‍ ഇളവ് നേടുന്നതിനായി റിസര്‍വ് ബാങ്കിനെ സമീപിക്കും. നിലവിലുള്ള വായ്പകള്‍ പുനഃക്രമീകരിക്കുന്നതടക്കമുള്ള വ്യവസായികളുടെ ആവശ്യവും പരിഗണിക്കും. ചെറുകിട, സൂക്ഷ്മ സംരംഭങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ വായ്പാ ഗ്യാരന്റി സ്‌കീം ഉള്‍പ്പെടുത്തുന്നതിനുള്ള ആവശ്യവും കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും.  ബാങ്കുകളുമായുള്ള ഇടപാടില്‍ പാലിക്കേണ്ട നിബന്ധനകള്‍ വ്യവസായികള്‍ ഉറപ്പാക്കണം.
കശുവണ്ടി മേഖലയില്‍ തൊഴിലവസരം പരമാവധി സംരക്ഷിച്ച് ഭാഗിക യന്ത്രവത്കരണം എര്‍പ്പെടുത്തുണമെന്ന വ്യവസായികളുടെ ആവശ്യം പരിശോധിക്കും. ഒരു കാലത്ത് കൊല്ലത്തിന്റെ കുത്തകയായിരുന്ന കശുവണ്ടി വ്യവസായം ഇന്ന് സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ മാത്രമല്ല ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. തോട്ടണ്ടി ഉദ്പാദക രാജ്യങ്ങളിലും സംസ്‌കരണം നടക്കുകയാണ്. കടുത്ത മത്സരം നേരിടുന്ന ഇന്നത്തെ സ്ഥിതിയില്‍ ലാഭകരമായി വ്യവസായം നടത്താനുള്ള സാഹചര്യമൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
നാല്‍പ്പതു ശതമാനം യന്ത്രവത്കരണത്തിലൂടെ ലാഭം നിലനിറുത്താനാകുമെന്ന വ്യവസായികളുടെ അഭിപ്രായം പരിശോധിച്ച് തീരുമാനമെടുക്കും. മാറിയ സാഹചര്യത്തില്‍ കശുവണ്ടി മേഖല ലാഭകരമായി നടത്തിക്കൊണ്ടു പോകുന്നതിന് ആവശ്യമായ സഹായം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. പൊതുമേഖലാ സ്ഥാപനങ്ങളായ കശുവണ്ടി വികസന കോര്‍പറേഷനും കാപക്‌സിനും വേണ്ടുന്ന സഹായം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നല്‍കിയിട്ടുണ്ട്.
വ്യവസായത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് സര്‍ക്കാര്‍തലത്തില്‍ സഹായം നല്‍കുന്നത് സംബന്ധിച്ച് ആലോചിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
അഞ്ഞൂറ് ഫാക്ടറികള്‍ പ്രവര്‍ത്തിച്ചിരുന്ന സംസ്ഥാനത്ത് ഇന്ന് എണ്ണൂറ് ഫാക്ടറികളാണുള്ളതെന്നും മത്സരാന്തരീക്ഷവും തോട്ടണ്ടിയുടെ വിലവര്‍ധനയുംമൂലം വ്യവസായത്തിന്റെ നടത്തിപ്പ് പ്രയാസകരമായെന്നും മുഖ്യമന്ത്രിക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്ത മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
എങ്കിലും മേഖലയെ പരമാവധി പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി അടഞ്ഞു കിടന്ന ഫാക്ടറികളില്‍ 282 എണ്ണം വീണ്ടും പ്രവര്‍ത്തിക്കുകയാണ്.  ഇവയില്‍ 174 എണ്ണവും കൊല്ലത്താണെന്നും മന്ത്രി വ്യക്തമാക്കി.
ചര്‍ച്ചയില്‍ പങ്കെടുത്ത വ്യവസായികള്‍ കടബാധ്യതയെത്തുടര്‍ന്നുള്ള ബാങ്ക് നടപടികളില്‍ സാവകാശം തേടി. ഓരോ സ്ഥാപനത്തിനും പ്രത്യേകം  പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. വായ്പകളുടെ തിരിച്ചടവ് സംബന്ധിച്ച് പൊതു ചട്ടക്കൂട് തയ്യാറാക്കി ബാങ്കുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുക, കശുവണ്ടിക്കായി പ്രത്യേക വ്യാപാരനിയമം നടപ്പിലാക്കുക, ഗഡുക്കളായി പണമടച്ച് കടം തീര്‍ക്കാന്‍ അവസരമൊരുക്കുക തുടങ്ങിയ ആവശ്യങ്ങളും വ്യവസായികള്‍ മുന്നോട്ടു വച്ചു.
മുന്‍ മന്ത്രി പി. കെ. ഗുരുദാസന്‍, രാജ്യസഭ മുന്‍ അംഗം കെ. എന്‍. ബാലഗോപാല്‍, വ്യവസായികള്‍, വ്യവസായ രംഗത്തെ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് കശുവണ്ടി മേഖലയിലെ യൂണിയന്‍ നേതാക്കളുമായും പ്രതിനിധികളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. വ്യവസായം സംരക്ഷിക്കുന്നത് സംബന്ധിച്ച ക്രിയാത്മക നിര്‍ദേശങ്ങള്‍ അറിയിക്കണമെന്ന് യൂണിയന്‍ നേതാക്കളോട് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ചര്‍ച്ച തുടങ്ങിയെങ്കിലും കശുവണ്ടി വികസന കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ കൂടിയായ ഇ. കാസിമിന്റെ നിര്യാണത്തെ തുടര്‍ന്ന് യോഗം നിര്‍ത്തിവയ്ക്കുകയായിരുന്നു.