കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ചെങ്കള പഞ്ചായത്തിലെ ജിഎച്ച്എസ്എസ് ആലംപാടി, ചെറുവത്തൂർ പഞ്ചായത്തിലെ ചെറുവത്തൂർ ജിഡബ്ല്യുയുപിഎസ് എന്നിവയുടെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയായി.
ജിഎച്ച്എസ്എസ് ആലംപാടിയിൽ എൽപി സെക്ഷന് വേണ്ടി എട്ട് ക്ലാസ് മുറികളോട് കൂടി ഇരുനില കെട്ടിടമാണ് ഉദ്ഘാടന സജ്ജമായത്. പുതിയ കെട്ടിട നിർമ്മാണത്തിനായി 1.10 കോടി രൂപയാണ് അനുവദിച്ചത്. ഭൗതികസാഹചര്യങ്ങളുടെ അഭാവം മൂലം ഏറെ പ്രയാസങ്ങൾ അനുഭവിക്കുന്ന വിദ്യാലയമായിരുന്നു ഇത്.പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സി. എൻജിനീയർ നിർവഹണ ഉദ്യോഗസ്ഥനായ പദ്ധതിയിൽ ഇരുനിലകളിലായി 6.1 മീ.നീളവും 6.1 മീ.വീതിയും ഉളള നാലു വീതം ക്ലാസ് മുറികൾ ഒരുക്കിയിട്ടുണ്ട്.
ചെറുവത്തൂർ ഗവ. വെൽഫെയർ യുപി സ്‌കൂളിലെ നാല് ക്ലാസ് മുറികളോട് കൂടിയ പുതിയ കെട്ടിട നിർമ്മാണത്തിനായി 40 ലക്ഷം രൂപയാണ് അനുവദിച്ചത്. 6.10 മീറ്റർ നീളവും 6.10 മീറ്റർ വീതിയും ഉള്ള 4 ക്ലാസ് മുറികളോടു കൂടിയ കെട്ടിടം യാഥാർഥ്യമായതിലൂടെ അധ്യാപകരുടെയും വിദ്യാർഥികളുടെയും വളരെ കാലത്തെ ആവശ്യമാണ് നിറവേറുന്നത്.
ഇരു സ്‌കൂളുകളിലും സ്ഥലപരിമിതി, അപര്യാപ്തമായ ഫർണിച്ചറുകൾ, ക്ലാസ് റൂമിന്റെ മോശം അവസ്ഥ തുടങ്ങി കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇത് വിദ്യാർഥികളുടെ അക്കാദമിക് ഫലങ്ങളെ മോശമായി ബാധിക്കുന്നതിനാലാണ് സ്‌കൂളുകൾക്ക് പുതിയ കെട്ടിട നിർമ്മാണത്തിനുളള അനുമതി നൽകിയതെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു. സ്‌കൂൾ കെട്ടിടങ്ങൾ എത്രയും പെട്ടെന്ന് ഉദ്ഘാടനം നടത്തുമെന്ന് കാസർകോട് വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ ഇ.പി. രാജമോഹൻ അറിയിച്ചു.