കുളത്തൂപ്പുഴയില്‍ കണ്ടെത്തിയ കരിമ്പനി സര്‍ക്കാര്‍ ഇടപെടലോടെ നിയന്ത്രണ വിധേയമായി എന്ന് മന്ത്രി കെ. രാജു അറിയിച്ചു. വില്ലുമല കോളനിയില്‍ പകര്‍ച്ചരോഗ പ്രതിരോധത്തിനായി കൊതുകുവല വിതരണം അടക്കമുള്ള പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കോളനി നിവാസികള്‍ക്ക് കൊതുകുവലയ്‌ക്കൊപ്പം മറ്റു പ്രതിരോധ ഉപാധികളും വിതരണം ചെയ്തു. ശുചീകരമാണ് രോഗം വരാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. എല്ലാ സര്‍ക്കാര്‍ സംവിധനങ്ങളും പ്രവര്‍ത്തിക്കുമ്പോഴും  രോഗവ്യാപനം തടയാന്‍ ജനപങ്കാളിത്തമാണ് പ്രധാനമെന്നും അദ്ദേഹം  ചൂണ്ടിക്കാട്ടി.
പകര്‍ച്ചരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ശുചിത്വമിഷന്‍ ജില്ലാ  കോ-ഓര്‍ഡിനേറ്റര്‍ ജി. സുധാകരന്‍ വിശദീകരിച്ചു. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ഷീജ, മറ്റു ജനപ്രതിനിധികള്‍, ജില്ലാ ശുചിത്വമിഷന്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.