സംസ്ഥാനത്തെ 35 ലക്ഷം വീടുകളില്‍ വിവിധ സാമൂഹ്യക്ഷേമ പെന്‍ഷനുകളിലൂടെ 5000 കോടി രൂപ എത്തിക്കാനായി എന്ന് സഹകരണ വകുപ്പ് മന്ത്രി           കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദേശിംഗനാട് റാപിഡ് ഡെവലപ്‌മെന്റ് ആന്റ് അസിസ്റ്റന്റ്‌സ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സഹകരണ മേഖലയില്‍ തുടങ്ങുന്ന വൈവിധ്യവത്കരണ സംരംഭമായ ഡ്രീംസിന്റെ തുടക്കം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ തലമുറ ബാങ്കുകളുടെ കൊള്ള അവസാനിപ്പിക്കാനായി സര്‍ക്കാര്‍ തുടങ്ങുന്ന കേരള ബാങ്കിന്റെ പ്രവര്‍ത്തനത്തിന് റിസര്‍വ് ബാങ്കിന്റെ അനുമതി മാത്രമാണ് കിട്ടാനുള്ളത്. അതുകിട്ടിയാല്‍ ജനോപകാരപ്രദമായി വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ കഴിയുന്ന പ്രസ്ഥാനമായി ബാങ്കിനെ മാറ്റാനാകും. സര്‍വീസ് ചാര്‍ജ് കുറച്ചുള്ള ബാങ്കിംഗ് സംവിധാനത്തിലൂടെ എല്ലാ വിഭാഗങ്ങളുടേയും സാമ്പത്തിക ഇടപാടുകള്‍ ലാഭകരമാക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ഗതിവേഗം കൂട്ടാനുള്ള സംരംഭങ്ങളാണ് സഹകരണ മേഖലയിലൂടെ നടപ്പിലാകുന്നതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.
എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. ജി.എസ്. ജയലാല്‍ എം.എല്‍.എ, മുഖത്തല ബ്ലോക്ക് പഞ്ചാത്ത് പ്രസിഡന്റ് എസ്. രാജീവ്, ഡ്രീംസ് പ്രസിഡന്റ് എസ്. ഫത്തഹുദീന്‍, സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. സജിത്ത്ബാബു, എന്‍.എസ്. സഹകരണ ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രന്‍, മയ്യനാട് ആര്‍.സി. ബാങ്ക് പ്രസിഡന്റ് ഡി. ബാലചന്ദ്രന്‍, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.