* ടൂറിസം പോലീസിനുള്ള ത്രിദിന പരിശീലനം മന്ത്രി ഉദ്ഘാടനം ചെയ്തു
* ടൂറിസം റഗുലേറ്ററി അതോറിറ്റി രൂപീകരണം അന്തിമഘട്ടത്തില്‍

ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവണതകള്‍ അവസാനിപ്പിക്കാവാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന വിനോദസഞ്ചാര വകുപ്പും കിറ്റ്‌സും സംയുക്തമായി സംഘടിപ്പിച്ച ടൂറിസം പോലീസിനായുള്ള ത്രിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ സര്‍ക്കാര്‍ വരുത്തുന്ന വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന പരിപാടിയായിരിക്കും ഈ പരിശീലനം.  ടൂറിസ്റ്റുകളുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്.  സംസ്ഥാനത്തിന്റെ വികസന പ്രക്രിയയില്‍ ടൂറിസത്തിന് അനന്തസാധ്യതകളാണുള്ളത്.  അത് യഥാസമയം പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടാകും.  പുതിയ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പ്രായോഗികതയിലെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ്.  ടൂറിസം കേന്ദ്രങ്ങള്‍ താരതമ്യേന കുറവായ മലബാര്‍ മേഖലയില്‍ ടൂറിസം വികസനത്തിന് പ്രാമുഖ്യം നല്‍കിയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് ഇതിന്റെ ഭാഗമായാണ്. 59 കോടി രൂപ ചെലവില്‍ ഏഴ് നദികളെ ബന്ധിപ്പിച്ചുള്ള റിവര്‍ ക്രൂയിസ് പദ്ധതി ഉടന്‍തന്നെ ഉദ്ഘാടനം നിര്‍വഹിക്കാനൊരുങ്ങുകയാണ്.  സംസ്ഥാനത്തെ മികച്ച ടൂറിസം കേന്ദ്രങ്ങളിലൊന്നായ കോവളം പോലും അപര്യാപ്തതകളുടെ നടുവിലാണ്.  ശംഖുമുഖം ബീച്ച് കടലെടുത്ത് മൃതപ്രായമായിരിക്കുകയാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അപര്യാപ്തതകള്‍ നികത്തി ടൂറിസ്റ്റുകളെ അവിടങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കും.
സംസ്ഥാനത്തിന്റെ പാരമ്പര്യത്തിന് അനുസൃതമായി അതിഥികളെ സംരക്ഷിക്കാനും പരിചരിക്കാനും അവരെക്കൊണ്ട് നാടിനെക്കുറിച്ച് നല്ലതു പറയിപ്പിക്കാനും വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കേണ്ടതുണ്ട്.  അതിനായി സംസ്ഥാന പോലീസ് മേധാവിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങള്‍ ഉടന്‍ നടപ്പിലാക്കും.  ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ടൂറിസ്റ്റ് സൗഹൃദ കേന്ദ്രങ്ങളാക്കാന്‍ ടൂറിസം പോലീസിനും ടൂറിസ്റ്റ് ഗൈഡുകള്‍ക്കും നിര്‍ബന്ധമായും പരിശീലനം നല്‍കും.
ടൂറിസം നയത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ടൂറിസം റഗുലേറ്ററി അതോറിറ്റി രൂപീകരണത്തിന്റെ അന്തിമഘട്ടത്തിലാണ്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ബില്‍ കൊണ്ടുവരും.  അതോറിറ്റി നിലവില്‍ വരുന്നതോടെ ഈ മേഖലയിലെ അനാശാസ്യ പ്രവണതകളെ വലിയ അളവില്‍ നിയന്ത്രിക്കാനാവും.  ലൈസന്‍സുള്ള അംഗീകൃത ഗൈഡുകളെയും പരിശീലനം സിദ്ധിച്ചവരെയും മാത്രമേ ടൂറിസ്റ്റ് ഗൈഡുകളായി നിയമിക്കൂ.  ടൂറിസം പോലീസ് ടൂറിസ്റ്റുകളോടൊപ്പം നില്‍ക്കേണ്ടവരാണ്.  നിയമവിരുദ്ധമായി ഒരു നടപടിയും ടൂറിസം പോലീസ് പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ ഉണ്ടാകാന്‍ പാടില്ല എന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ടൂറിസം പോലീസില്‍ കൂടുതല്‍ വനിതാ പോലീസിനെയും  ടൂറിസ്റ്റ് പോലീസുകാര്‍ കുറവുള്ള ഇടങ്ങളില്‍ ടൂറിസ്റ്റ് വാര്‍ഡന്‍മാരെയും നിയമിക്കും.  ടൂറിസ്റ്റുകളെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്ന് ആട്ടിയോടിക്കുന്ന സമീപനം സര്‍ക്കാര്‍ അനുവദിക്കില്ല. കോവളത്ത് വിദേശ വനിതയുടെ തിരോധാനം ടൂറിസം മേഖലയ്ക്കും സംസ്ഥാനത്തിനും ഉണ്ടാക്കിയ അപമാനം വളരെ വലുതാണെന്നും അത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടവരരുത് എന്നും മന്ത്രി പറഞ്ഞു.  ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ജാഫര്‍ മാലിക്, കിറ്റ്‌സ് ഡയറക്ടര്‍ ഡോ. രാജശ്രീ അജിത്, പ്രിന്‍സിപ്പല്‍ ഡോ.ബി. രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.