കൊല്ലം:   ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ കുടുംബത്തിന് സാന്ത്വനമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിലമേൽ കൈതോടുള്ള വിസ്മയയുടെ വീട്ടിലെത്തി. വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ, അമ്മ സജിത. വി. നായർ, സഹോദരൻ വിജിത്ത് എന്നിവരുമായി ദുഖം പങ്കിട്ടു.

എല്ലാ പെൺകുട്ടികൾക്കും തുല്യമായ അവകാശങ്ങളോടെ സുരക്ഷയും സമത്വവും ഉറപ്പ് വരുത്തുന്നസമൂഹത്തെയാണ് നാം വളർത്തിയെടുക്കേണ്ടത്. പെൺകുട്ടികളുടെ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന രീതിയിലാണ് പല വൈവാഹിക ബന്ധങ്ങളുടെയും ഇന്നത്തെ അവസ്ഥ.കൈമാറ്റം ചെയ്യപ്പെടുന്ന മൂലധനത്തിലും ആഭരണങ്ങളിലും ഊന്നിയിട്ടുള്ള നിലപാടുകളാണ് പലരും സ്വീകരിക്കുന്നത്. ഇത് സമൂഹത്തിൽ നിന്ന് ഇല്ലായ്മ ചെയ്യേണ്ടത് ഓരോരുത്തരുടെയും കടമയാണ്.

സമഭാവനയുടെയും സ്നേഹത്തിന്റെയും കൃത്യമായ പങ്കുവയ്ക്കലുകളുടെയും ഇടങ്ങളായി ഓരോ വീടുകളും മാറണം. ആത്മവിശ്വാസത്തോടെയും ആർജ്ജവത്തോടെ യും വളർന്നുവരാൻ കുട്ടികളെ പ്രാപ്തരാക്കണം. ഇനിയൊരു വിസ്മയ കേരളത്തിൽ ഉണ്ടാകാൻ പാടില്ല. അതിനാൽ വിസ്മയയുടെ ഉൾപ്പെടെ ഇപ്പോൾ ഉണ്ടായ എല്ലാ കേസുകളിലെയും കുറ്റവാളികളെയും മാതൃകപരമായി തന്നെ ശിക്ഷിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.
എൻ. കെ പ്രേമചന്ദ്രൻ എംപിയും വിസ്മയയുടെ വീട് സന്ദർശിച്ചു.