കൊല്ലം:  കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍ നിര്‍ദ്ദേശിച്ചു.

എം.എല്‍.എ ഫണ്ട് വിനിയോഗിച്ചു നടപ്പാക്കുന്ന വിവിധ വികസനപദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി കൊട്ടാരക്കര മിനിസിവില്‍ സ്റ്റേഷനില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ കെട്ടിടങ്ങള്‍, റോഡ്, ജലവിതരണം, ആശുപത്രി വികസനം എന്നിവ വേഗത്തിലാക്കണം.

താലൂക്ക് ആശുപത്രിയില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്ക് ആറുമാസത്തിനകം പൂര്‍ത്തീകരിക്കും. അനുവദിച്ച സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണ പുരോഗതിയും വിലയിരുത്തി.

വെളിയം ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ വെല്‍ഫെയര്‍ യു.പി സ്‌കൂള്‍, എല്‍.പി സ്‌കൂള്‍ കളപ്പില, കുളക്കട ഗ്രാമപഞ്ചായത്തിലെ എല്‍.പി.എസ് മാവടി, എല്‍.പി.എസ് പുത്തൂര്‍ മുക്ക് എന്നിവിടങ്ങളിലാണ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ചു പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്.
അറ്റകുറ്റപണികള്‍ നടത്തി വരുന്ന റോഡുകളുടെ നിര്‍മാണ പ്രവൃത്തികളും ത്വരിതപ്പെടുത്തണം.

വെളിയം, നെടുവത്തൂര്‍ പഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ വെള്ളം കയറി കൃഷിനാശം സംഭവിച്ചിരുന്നു. ഇത് പരിഹരിക്കുന്നതിന് ശാസ്ത്രീയമായ നടപടികള്‍ കൈക്കൊള്ളാന്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. വെളിയം ഗ്രാമപഞ്ചായത്തിലെ മുട്ടറ ഹരിജന്‍ ലൈബ്രറിക്ക് അനുവദിച്ച കെട്ടിടത്തിന്റെ നിര്‍മാണ പുരോഗതിയും വിലയിരുത്തി. ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, എ.ഡി.സി ജനറല്‍ സി.എസ്.അനു, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.