കോട്ടയം:  ഈ വര്‍ഷം ജനുവരി മുതല്‍ വിവിധ ഘട്ടങ്ങളിലായി കുളമ്പുരോഗം കണ്ടെത്തിയ കോട്ടയം ജില്ലയിലെ 23 പഞ്ചായത്തുകളിലും മൂന്നു മുനിസിപ്പാലിറ്റികളിലും കന്നുകാലികള്‍ക്കും പന്നികള്‍ക്കും മൃഗസംരക്ഷണ വകുപ്പ് ഇന്നു(ജൂണ്‍ 25) മുതല്‍ പ്രതിരോധ വാക്സിന്‍ നല്‍കും.

രാമപുരം, നീണ്ടൂർ, ടിവി പുരം, തിരുവാർപ്പ്, അയ്മനം, കാഞ്ഞിരപ്പള്ളി, കുറിച്ചി, വാഴപ്പള്ളി, കൂരോപ്പട, പനച്ചിക്കാട്, വാകത്താനം, തൃക്കൊടിത്താനം, കുമരകം, മാടപ്പള്ളി, വിജയപുരം, മണർകാട് , പാമ്പാടി, മീനടം, കറുകച്ചാൽ, ആർപ്പൂക്കര, പുതുപ്പള്ളി, പള്ളിക്കത്തോട്, അയർക്കുന്നം എന്നീ പഞ്ചായത്തുകളിലും കോട്ടയം, ചങ്ങനാശേരി, വൈക്കം മുനിസിപ്പാലിറ്റികളിലുമാണ് പ്രതിരോധ കുത്തിവയ്പ്പ് നടത്തുക.

രോഗബാധയുണ്ടായ സ്ഥലങ്ങളുടെ സമീപ മേഖലകളിലെ കന്നുകാലികള്‍ക്ക് നേരത്തെ വാക്സിന്‍ നല്‍കിയിരുന്നു. ഈ മേഖലയ്ക്ക് പുറത്ത് നിശ്ചിത ദൂരപരിധിക്കുള്ളിലാണ് രണ്ടാം ഘട്ട വാക്സിനേഷന്‍ നടക്കുക. മുന്‍പ് നിയോഗിച്ചിരുന്ന സ്ക്വാഡുകള്‍ക്കുതന്നെയാണ് ചുമതല.

ഇതിനു പുറമെ ജില്ലയില്‍ എല്ലാ മേഖലകളിലും അ‍ഞ്ചോ അതില്‍ അധികമോ കന്നുകാലികളും പന്നികളും ഉള്ള ഫാമുകളിലും കുത്തിവയ്പ്പ് നടത്തും. ആവശ്യമായ കുളമ്പുരോഗ പ്രതിരോധ വാക്സിൻ ആനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ട് ഓഫീസ് മുഖേന താലൂക്ക് ആസ്ഥാനങ്ങളില്‍ എത്തിച്ചിട്ടുണ്ടെന്ന് ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഷാജി പണിക്കശ്ശേരി അറിയിച്ചു.