തൃശ്ശൂർ: നെടുപുഴ പൊലീസ് സ്‌റ്റേഷന്റെ ഭാഗമായുള്ള ലോവര്‍ സബോഡിനേറ്റ് ക്വാട്ടേഴ്‌സ് കെട്ടിടം സംസ്ഥാനത്തെ വിവിധ പദ്ധതികള്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. നേരിട്ടുള്ള ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് നിരവധി പദ്ധതികളാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതെന്നും ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട താമസ സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കുന്നതായും മന്ത്രി കെ രാജൻ പറഞ്ഞു. രണ്ട് ബെഡ്‌റൂമുകള്‍, ഒരു ഹാള്‍, അടുക്കള എന്നിവയടങ്ങുന്ന മൂന്ന് ക്വാട്ടേഴ്‌സുകളാണ് ജീവനക്കാര്‍ക്ക് താമസിക്കാനായി നിര്‍മിച്ചിരിക്കുന്നത്.

49 ലക്ഷം മുതല്‍മുടക്കിയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ചടങ്ങില്‍ കൗണ്‍സിലര്‍ വിനീഷ് തയ്യില്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ, അസി. പൊലീസ് കമ്മീഷ്ണര്‍ പി.ബി ബേബി, അഡീഷ്ണല്‍ എസ്.പി വി.കെ അബ്ദുള്‍ഖാദര്‍, അസി. എ.സി.പി സന്തോഷ്, നെടുപുഴ എസ്.ഐ രാജേഷ് എംബി, വിവിധ ഉദ്യോഗസ്ഥര്‍, പൊലീസ് സ്‌റ്റേഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹതരായി.