കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെടുംങ്കുന്നം ഖാദി ഉദ്പാദന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നടത്തി. കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്ന് മുപ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് മന്ദിരം നിര്‍മ്മിക്കുന്നത്. ജില്ലാ പഞ്ചായത്തംഗം എന്‍. അജിത് മുതിരമല മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. നെടുംങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ദേവസ്യ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെട്ടിടം പൂര്‍ത്തിയാകുമ്പോള്‍ 50 പുതിയതൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് 15 തറികളും 20 ചര്‍ക്കകളും കേന്ദ്രത്തിന് ലഭ്യമാക്കുമെന്നും എന്‍. അജിത് മുതിരമല പറഞ്ഞു. ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രോജക്ട് ഓഫീസര്‍ കെ. എസ് ഉണ്ണിക്കൃഷ്ണന്‍ നായര്‍, അസി.രജിസ്ട്രാര്‍ കെ. മഹാദേവന്‍,വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ ജെ. രാധാകൃഷ്ണക്കുറുപ്പ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ കമ്മറ്റി ചെയര്‍മാന്‍ രവി വി സെമന്‍,പഞ്ചായത്തംഗങ്ങളായ രാജമ്മ രവീന്ദ്രന്‍, എന്‍. ലളിതാബായി,എം. ജെ ജോണ്‍, വി.എം. ഗോപകുമാര്‍, ജോ ജോസഫ് എന്നിവര്‍ സംസാരിച്ചു.