കൊല്ലം: വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പില്‍നിന്ന് തന്നെ ലഭ്യമാക്കാന്‍ കൃഷിവകുപ്പിന്റെ ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. കൃഷിഭവന്‍ വഴി സൗജന്യമായാണ് കര്‍ഷകര്‍ക്ക് പച്ചക്കറി വിത്തുകളും, തൈകളും വിതരണം ചെയ്യുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതികളുടെ ഭാഗമായി പച്ചക്കറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിപുലമായ പരിപാടികളാണ് കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കുന്നത്. നാലുലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും 20 ലക്ഷം പച്ചക്കറി തൈകളുമാണ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വിതരണം ചെയ്യുക. ഇതില്‍ നിന്നുള്ള അറുപത് ശതമാനം തൈകളും വിത്തുകളുമാണ് ഓണത്തിന് ഒരു മുറം പദ്ധതിയുടെ ഭാഗമായി വിതരണം നടത്തുന്നത്.

പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 2,40000 പച്ചക്കറി വിത്ത് പാക്കറ്റുകളും 12,00000 പച്ചക്കറി തൈകളും കര്‍ഷകരിലേക്ക് എത്തിക്കും.225000 പച്ചക്കറിവിത്ത് പാക്കറ്റുകള്‍ ആലത്തൂര്‍ വി.എഫ്.പി.സി.കെയില്‍ നിന്നും 15000 പച്ചക്കറിവിത്ത് പാക്കറ്റുകള്‍ അഞ്ചല്‍ ഫാമില്‍ നിന്നുമാണ് ലഭ്യമാക്കിയിട്ടുള്ളത്. പച്ചക്കറി തൈകള്‍ ജില്ലയിലെ വിവിധ ഫാമുകള്‍, വി.ഡി പി, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് തല നഴ്‌സറികള്‍, കാര്‍ഷിക കര്‍മസേന, അഗ്രോ സര്‍വീസ് സെന്റര്‍, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവിടങ്ങളില്‍ ഉത്പാദിപ്പിച്ചാണ് വിതരണം ചെയ്യുന്നത്.

ഓണവിപണി ലക്ഷ്യമാക്കി ജില്ലയിലെ 11 ബ്ലോക്കുകളിലായി 35 ഹെക്ടര്‍ സ്ഥലത്ത് ക്ലസ്റ്റര്‍ അടിസ്ഥാനത്തിലാണ് പച്ചക്കറികൃഷി ആരംഭിച്ചിരിക്കുന്നത്. വെണ്ട, വഴുതന, പച്ചമുളക്, പയര്‍, തക്കാളി എന്നിവയുടെ തൈകളും ചീര, പയര്‍, പാവല്‍, തക്കാളി, പയര്‍, വഴുതന അടക്കമുള്ള വിത്തുകളുമാണ് വിതരണം ചെയ്യുന്നത്. കോവിഡ് സാഹചര്യമായതിനാല്‍ കൃഷിഭവനുകളുടെ നേതൃത്വത്തില്‍ വാര്‍ഡ് തലത്തില്‍ തൈകളും വിത്തുകളും എത്തിച്ചു നല്‍കുന്നുണ്ട്. വ്യക്തിഗത-ഗ്രൂപ്പ് അടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നവര്‍ക്ക് കൃഷിയിടത്തിന്റെ വിസ്തൃതി, കൃഷി വ്യാപനം എന്നിവ കണക്കാക്കി സബ്സിഡിയും നല്‍കും.
ഓഗസ്റ്റ് മാസത്തോടുകൂടി ശീതകാല പച്ചക്കറികളായ ക്യാബേജ്, കോളിഫ്‌ളവര്‍, ബീറ്റ്‌റൂട്ട്, ക്യാരറ്റ് എന്നിവയുടെ തൈകളും വിതരണം ചെയ്യും.

വിളവെടുക്കുന്ന പച്ചക്കറികളുടെ വിപണനത്തിനായി പഞ്ചായത്ത് തലത്തില്‍ ഇക്കോ ഷോപ്പുകള്‍, ഓണച്ചന്തകള്‍, ആഴ്ച ചന്തകള്‍, എന്നിവ ഒരുക്കും. ഹോര്‍ട്ടിക്കോര്‍പ്പ്, വി.എഫ്.പി.സി. കെ എന്നിവ വഴിയും വിപണനം നടത്തും. കൂടാതെ ജില്ലയിലെ 12 ഹെക്ടര്‍ തരിശുഭൂമിയില്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കൃഷിവകുപ്പ്. നിലവില്‍ ജില്ലയില്‍ 1500 ഹെക്ടറില്‍ ജൈവകൃഷി ചെയ്തു വരുന്നു. മുഖ്യമന്ത്രിയുടെ നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കാര്‍ഷിക മേഖലയില്‍ അഞ്ചിന പദ്ധതികളാണ് നടപ്പാക്കുന്നത്. ഒരു കോടി ഫലവൃക്ഷ തൈകള്‍, ഓണത്തിന് ഒരു മുറം പച്ചക്കറി, സ്ട്രീറ്റ് മാര്‍ക്കറ്റ്, ജൈവ പച്ചക്കറി കൃഷി, ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്റെ രൂപീകരണം എന്നിവയാണ് അവ.

നൂറു ദിന പദ്ധതികളുടെ ഭാഗമായി ജില്ലയില്‍ ആറ് സ്ട്രീറ്റ് മാര്‍ക്കറ്റുകളും കൃഷി വകുപ്പ് നടത്തും. ഉള്‍ഗ്രാമങ്ങളില്‍ നിന്നുള്ള ജൈവ പച്ചക്കറികള്‍ കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിനാണ് ഇത്തരം പദ്ധതികള്‍. കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തതയാണ് ലക്ഷ്യമെന്ന് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എസ്. ആര്‍.രാജേശ്വരി പറഞ്ഞു.