കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ് തലങ്ങളിൽ മൊബൈൽ പരിശോധനാ സംവിധാനങ്ങൾ വർധിപ്പിച്ച് തദ്ദേശസ്ഥാപനങ്ങൾ. ചവറ ബ്ലോക്ക് പഞ്ചായത്ത് തലവൂർ ഗ്രാ മപഞ്ചായത്ത്‌ എന്നിവിടങ്ങളിൽ മൊബൈൽ ആന്റിജൻ പരിശോധന സംവിധാനം വാർഡ് തലങ്ങളിൽ ശക്തമാക്കി.

ചവറ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ പഞ്ചായത്തുകളിലും ആന്റിജൻ ടെസ്റ്റ് നടത്തി കോവിഡ് മുക്ത്ചവറ എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുവാൻ ആണ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൊബൈൽ ആന്റിജൻ ടെസ്റ്റ് യൂണിറ്റ് ആരംഭിച്ചത്. രണ്ടും മൂന്നും വാർഡുകൾ കേന്ദ്രീകരിച്ചു കൊണ്ടാണ് ടെസ്റ്റിംഗ് ക്യാമ്പുകൾ നടത്തുന്നത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ ക്യാമ്പുകൾ നിയന്ത്രിക്കും. മൊബൈൽ ആന്റിജൻ ടെസ്റ്റ് യൂണിറ്റിന്റെ ഉദ്ഘാടനം ചിറ്റൂർ വാർഡിൽ ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി
നിർവഹിച്ചു.

പരിശോധനയ്ക്ക് കൂടുതൽ ആളുകൾ തയ്യാറാകാത്ത സാഹചര്യത്തിൽ ആണ് തലവൂർ പഞ്ചായത്തിലെ നെടുവന്നൂർ, അലക്കുഴി, തത്തമംഗലം എന്നീ മൂന്ന് സെന്ററുകൾ കേന്ദ്രീകരിച്ച് മൊബൈൽ ആന്റിജൻ,ആർ ടി പി സി ആർ പരിശോധനകൾ വ്യാപിപ്പിക്കാൻ തീരുമാനമായത്. ഇരുപത് വാർഡുകളിലും സ്വീകരിക്കേണ്ട മുൻകരുതലുകളെയും നടപ്പാക്കേണ്ട പ്രവർത്തനങ്ങളെയും കുറിച്ച് ചർച്ചചെയ്യാൻ ആർ ആർ ടി മാരുടെ ഓൺലൈൻ യോഗം ചേരാനും തീരുമാനമായി.

മുഖത്തല ബ്ലോക്കിന് കീഴിലെ ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിൽ ടെസ്റ്റുകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചു. ജില്ലയിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ നിന്നും ജീവനക്കാരെ ലഭ്യമാക്കി വാർഡുകൾ ഏകോപിച്ച് ആദ്യഘട്ടത്തിൽ ടെസ്റ്റ് നടത്തും.ഓരോ വാർഡിലെയും പരമാവധി ആളുകളിൽ ടെസ്റ്റ് നടത്തുന്നതിന്റെ ഭാഗമായി ആഴ്ചയിൽ 1000 ടെസ്റ്റ് നടത്തും. ആദ്യഘട്ട അവലോകനത്തിനുശേഷം പഞ്ചായത്തിലെ കശുവണ്ടി ഫാക്ടറികൾ മറ്റു ഫാക്ടറികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ടെസ്റ്റ് നടത്തുമെന്ന് ഇളമ്പള്ളൂർ പഞ്ചായത്ത് സെക്രട്ടറി ഇ സുശീല പറഞ്ഞു

കരീപ്ര ഗ്രാമപഞ്ചായത്തിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാൻ പ്രസിഡന്റ്‌ പി. എസ് പ്രശോഭയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു.കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മാനദണ്ഡം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. വരും ദിവസങ്ങളിൽ പോലീസ്, ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ എന്നിവരുടെ പരിശോധന കർശനമാക്കുന്നതിന് തീരുമാനിച്ചു.