എറണാകുളം: പുതിയ മാധ്യമ സങ്കേതങ്ങൾ വളർന്നു കൊണ്ടിരിക്കുന്നതിനൽ ഫോട്ടോഗ്രഫിയുടെ സാധ്യത വർദ്ധിക്കുകയാണെന്ന് ഇൻഫർമേഷൻ & പബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ പറഞ്ഞു. കേരള മീഡിയ അക്കാദമിയുടെ ഫോട്ടോ ജേണലിസം അഞ്ചാം ബാച്ചിന്റെ പ്രവേശനോദ്ഘാടനവും അക്കാദമി പ്രസിദ്ധീകരിക്കുന്ന ടി.കെ. സജീവ് കുമാറിന്റെ പത്രരൂപകല്പന എന്ന പുസ്തകത്തിന്റെ പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. കലാലയങ്ങൾ നല്കുന്ന അവസരം, സ്വാതന്ത്ര്യം , അനുഭവം എന്നിവ എങ്ങനെ ഉപയോഗിക്കണം എന്നത് വിദ്യാർത്ഥിയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
അക്കാദമിയുടെ മീഡിയ ക്ളബ് പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച പത്രരൂപകല്പന എന്ന പുസ്തകം സംവിധായകൻ വി.കെ പ്രകാശ് ഏറ്റുവാങ്ങി. മുഖ്യപ്രഭാഷണവും അദ്ദേഹം നിർവഹിച്ചു. നമ്മൾ പിന്തുടരുന്ന ഏതു മേഖലയിലും നമുക്കുള്ള താത്പര്യവും പ്രതിബദ്ധതയും, വഴിയിലെ പ്രതിബന്ധങ്ങളെ നേരിടാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചിത്രം പകർത്തുക മാത്രമല്ല, ചിത്രം സൃഷ്ടിക്കുകയും അങ്ങനെ സമൂഹത്തെ മാറ്റുകയുമാണ് ഫോട്ടോഗ്രാഫർമാർ ചെയ്യേണ്ടതെന്ന് പുലിറ്റ്സർ പ്രൈസ് അവാർഡ് നേടിയ ഫോട്ടോ ജേണലിസ്റ്റ് ബാർബറ ഡേവിഡ്സണിനെ ഉദ്ധരിച്ചു കൊണ്ട് ചടങ്ങിൽ അദ്ധ്യക്ഷനായ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു പറഞ്ഞു. ടി.കെ സജീവ് കുമാർ, അക്കാദമി സെക്രട്ടറി ചന്ദ്രഹാസൻ വടുതല, കോഴ്സ് കോ ഓഡിനേറ്റർമാരായ ലീൻ തോബിയാസ്, ബി ചന്ദ്രകുമാർ, ഖലീജ് ടൈംസ് ചീഫ് ഫോട്ടോഗ്രാഫർ ഷിഹാബ് തുടങ്ങിയവർ സംസാരിച്ചു