ആലപ്പുഴ: വായന പക്ഷാചരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓൺലൈൻ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ കളക്ടർ എ. അലക്സാണ്ടർ നിർവഹിച്ചു. തെക്കൻ ആര്യാട് വി.വി.എസ്.ഡി എൽ.പി സ്കൂളിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത ഏഴ് വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ നൽകിയത്. സ്കൂൾ പ്രഥമാധ്യാപിക ഏലിയാമ്മ കുര്യൻ കളക്ടറിൽ നിന്നും പഠനോപകരണങ്ങൾ സ്വീകരിച്ചു.

പഠന സൗകര്യമില്ലാത്ത കുട്ടികൾക്കായി സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥികകൾ കൂടിയായ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പ് ജീവനക്കാർ, മറ്റു വ്യക്തികൾ, സ്ഥാപനങ്ങൾ തുടങ്ങിയവരാണ് സഹായത്തിനായി എത്തിയത്. പി.ആര്‍.ഡി ഡല്‍ഹിയിലെ കേരള ഹൗസ് ഇന്‍ഫര്‍മേഷൻ ഓഫീസാണ് പഠനോപകരണങ്ങള്‍ ശേഖരിച്ചത്.

ടെക്ജെൻഷ്യ സോഫ്റ്റ്‌വെയർ സി. ഇ. ഒ ജോയ് സെബാസ്റ്റ്യൻ, പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ. എം. അയ്യപ്പൻ, ഡല്‍ഹി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി.കെ.തോമസ്, ഡി.രാഗേഷ്, അധ്യാപികയായ കുഞ്ഞുമോൾ, പി.എസ്.ഷിനോ, ചെമ്പേഴ്സ് ഓഫ് കേരള സീ ഫുഡ്‌ ഇൻഡസ്ട്രി എന്നിവർ ചേർന്നാണ് കുട്ടികൾക്കുള്ള ഏഴ് ടാബുകൾ സമാഹരിച്ചത്.