ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികളുടെ സമഗ്ര വിദ്യാഭ്യാസത്തിന് പദ്ധതി നടപ്പാക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. നിയോജകമണ്ഡലത്തിലെ ശബരിമല വനത്തിനുള്ളില്‍ താമസിക്കുന്ന ആദിവാസികളെ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
നിലയ്ക്കല്‍ അട്ടത്തോട്, ളാഹ മഞ്ഞത്തോട് എന്നിവിടങ്ങളില്‍ താമസിക്കുന്നവരെയാണ് നിയോജകമണ്ഡല സന്ദര്‍ശനത്തിന്റെ ഭാഗമായി എംഎല്‍എ നേരില്‍ കണ്ടത്. പൊതുസമൂഹവുമായി അടുത്തിടപഴകാന്‍ മടിക്കുന്ന കാട്ടിനുള്ളില്‍ തന്നെ താമസിക്കാന്‍ ആഗ്രഹിക്കുന്ന ഇവരെ സമൂഹത്തിന്റെ ഭാഗമാക്കണം. നിരന്തര ഇടപെടലിലൂടെയേ അതു സാധ്യമാകു. ഇവരുടെ പുതുതലമുറയ്ക്ക് ഉയര്‍ന്ന വിദ്യാഭ്യാസവും വ്യക്തിത്വ വികസനവും അനിവാര്യമാണെന്നും എംഎല്‍എ പറഞ്ഞു.
മുന്‍ എംഎല്‍എ രാജു എബ്രഹാം ഇടപെട്ട് ഇവര്‍ക്ക് വിദ്യാഭ്യാസം ചെയ്യുന്നതിനായി അട്ടത്തോട് ഗവ. എല്‍പി സ്‌കൂള്‍ അനുവദിപ്പിച്ചു. വിവിധ സ്ഥലങ്ങളില്‍ നിന്ന് ഇവരെ സ്‌കൂളില്‍ എത്തിക്കുന്നതിന് സ്‌കൂള്‍ ബസും പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്. നിലവിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു പുറമേ സന്നദ്ധ പ്രവര്‍ത്തകരുടെയും മറ്റും സഹായത്തോടെ നിരന്തരം കൗണ്‍സിലിങ്ങുകളും മറ്റും നടത്തി ഇവരുടെ വ്യക്തിത്വവികസനം ഉയര്‍ത്തിയും വിദ്യാഭ്യാസം നല്‍കിയും മാത്രമേ പൊതുസമൂഹത്തിലേക്ക് കൊണ്ടുവരാന്‍ കഴിയു. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി ഒരു പൊതു ഇടം ഓരോ പ്രദേശത്തും തയ്യാറാക്കുന്ന കാര്യവും ശ്രദ്ധിക്കും. വിദ്യാഭ്യാസത്തിനും വ്യക്തിത്വ വികസനത്തിനും ഒന്നും പുറമേ കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ പുറത്തുകൊണ്ടുവരാനും നടപടി സ്വീകരിക്കും. ഇങ്ങനെ അവരെ ഉറച്ച ഒരു കുടുംബ ജീവിതത്തിലേക്കും സമൂഹത്തിന്റെ മുഖ്യധാരയിലേക്കും ഘട്ടം ഘട്ടമായി കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയും എംഎല്‍എ പ്രകടിപ്പിച്ചു.
കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ആലിച്ചന്‍ ആറൊന്നില്‍, സിപിഐ(എം) ഏരിയാ കമ്മിറ്റി അംഗം സി.എസ് സുകുമാരന്‍, വിപിന്‍ കല്ലുംപുറത്ത്, ജില്ലാ ട്രൈബല്‍ ഓഫീസര്‍ എസ്.എസ് സുധീര്‍ എന്നിവരും എംഎല്‍എ യോടൊപ്പ മുണ്ടായിരുന്നു.