രാജ്യത്തെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുക എന്നത് സംസ്ഥാന സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് സാമൂഹ്യനീതി, ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു. ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വിഭാഗത്തിലുള്ളവരുടെ ക്ഷേമവും പരിരക്ഷയും അതിജീവനവും ഉറപ്പാക്കുന്നതിന് ശാസ്ത്രീയമായ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി പഠന സൗകര്യങ്ങളും തൊഴില്‍ പരിശീലനവും വിപുലമാക്കും. ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പരിരക്ഷ ഉറപ്പാക്കുമെന്നും വെല്ലുവിളികള്‍ അവസരങ്ങളാക്കുന്നതിന് ആത്മവിശ്വാസം പകരുന്ന പദ്ധതികളാണ് സാമൂഹ്യനീതി വകുപ്പ് ലക്ഷ്യമിടുന്നതെന്നും ഇതിന് പൊതുസമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

 

ജില്ലയിലെ വിതരണോദ്ഘാടനം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നടന്ന ചടങ്ങില്‍ പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. യാത്രക്കും വിദ്യാഭ്യാസത്തിനും തൊഴില്‍പരമായ ശാക്തീകരണത്തിനും ആധുനിക സൗകര്യങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ഭിന്നശേഷിക്കാരെ പ്രാപ്തരാക്കേണ്ടതുണ്ട്. ഇതിനായി സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുസമൂഹവും ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും എം.എല്‍.എ പറഞ്ഞു. 10 ഗുണഭോക്താക്കള്‍ക്കുള്ള ഇലക്ട്രോണിക് വീല്‍ ചെയറുകള്‍ എം.എല്‍.എ വിതരണം ചെയ്തു. സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്റെ ‘കാഴ്ച’ പദ്ധതിയുടെ ഭാഗമായി കാഴ്ച പരിമിതര്‍ക്കുള്ള സ്മാര്‍ട്ട് ഫോണുകളും ചടങ്ങില്‍ വിതരണം ചെയ്തു.

 

ജില്ലയില്‍ 23 ഗുണഭോക്താക്കള്‍ക്കാണ് സാമൂഹ്യനീതി വകുപ്പ് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്. ഒന്‍പത് പേര്‍ക്ക് സി.പി. വീല്‍ ചെയറുകളും മൂന്ന് ടോയ്ലറ്റ് വീല്‍ചെയറുകളും ഒരു ഗുണഭോക്താവിന് ഡൈസ് പ്ലെയറും അടുത്ത ദിവസങ്ങളില്‍ വിതരണം ചെയ്യും. 27 കാഴ്ച പരിമിതര്‍ക്കാണ് വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ജില്ലയില്‍ സ്മാര്‍ട്ട് ഫോണുകള്‍ നല്‍കുന്നത്. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ. കൃഷ്ണമൂര്‍ത്തി, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, കേരള സാമൂഹ്യ സുരക്ഷ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.ടി. നൗഫല്‍, വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ കെ.ടി ജോസ് കുഞ്ഞ് തുടങ്ങിയവര്‍ പങ്കെടുത്തു.