കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യം വച്ചുള്ള ദീര്‍ഘകാല വികസന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. മണ്ഡലം ഓഫീസില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ പദ്ധതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ചുരുങ്ങിയത് 25 വര്‍ഷം മുന്നില്‍ക്കണ്ട് മണ്ഡലത്തിനാവശ്യമായ പദ്ധതികളാണ് തയ്യാറാക്കേണ്ടതെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജലസേചന പദ്ധതികള്‍, റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും ഈ രീതിയിലുള്ള പദ്ധതികള്‍ നടപ്പിലാക്കേണ്ടതുണ്ട്.

മണ്ഡലത്തിന്റെ ഭാവി ആവശ്യങ്ങള്‍ കൂടി മുന്നില്‍ക്കണ്ടു വേണം പദ്ധതികള്‍ തയ്യാറാക്കാന്‍. ഇതിന്റെ മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഫീല്‍ഡ് സന്ദര്‍ശനം നടത്തി ഏറ്റവും അനുയോജ്യവും പ്രയോജനകരവുമായ വികസന പദ്ധതികള്‍ക്കുള്ള ശുപാര്‍ശകള്‍ അടുത്ത മാസം പകുതിയോടെ തയ്യാറാക്കി അവതരിപ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇവ വിശദമായി പരിശോധിച്ച ശേഷം കൂടുതല്‍ നടപടികളിലേക്ക് നീങ്ങുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ ഫണ്ട് അനുവദിക്കപ്പെട്ട പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം. അക്കാര്യത്തില്‍ ഒരു കാലതാമസവും ഉണ്ടാവാന്‍ പാടില്ല. പ്രവൃത്തികള്‍ വച്ചുതാമസിപ്പിക്കുന്ന കരാറുകാരെ നീക്കം ചെയ്യുന്നതിനുള്ള നടപടികളും എത്രയും വേഗം കൈക്കൊള്ളണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ നിലവില്‍ പുരോഗമിക്കുന്ന പൊതുമരാമത്ത് റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍, ജലസേചന പദ്ധതികള്‍, മണ്ണ് ജല സംരക്ഷണ പദ്ധതികള്‍ തുടങ്ങിയവയുടെ പ്രവൃത്തി മന്ത്രി വിലയിരുത്തി.
ചൊര്‍ക്കള-മയ്യില്‍-എയര്‍പോര്‍ട്ട് ലിങ്ക് റോഡിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 44.42 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന അമ്മാനപ്പാറ-തിരുവട്ടൂര്‍-ചപ്പാരപ്പടവ് റോഡിനുള്ള സാങ്കേതികാനുമതി വേഗത്തില്‍ ലഭ്യമാക്കണം. ധര്‍മശാല-പറശ്ശിനിക്കടവ് റോഡ് വീതി കൂട്ടി മെക്കാഡം ടാര്‍ ചെയ്യുന്ന പ്രവൃത്തിക്കുള്ള പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.

കൂനം കുളത്തൂര്‍ റോഡിന്റെ തലക്കുളം ഭാഗത്ത് നിര്‍മാണത്തിലിരിക്കെ തകര്‍ന്ന ഭാഗം പുനര്‍നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം. അത് തകരാനുണ്ടായ കാരണത്തെ കുറിച്ച് പഠനം നടത്താനും മന്ത്രി നിര്‍ദ്ദേശം നല്‍കി. തളിപ്പറമ്പ് താലൂക്ക് ആശുപത്രി, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി എന്നിവിടങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണം. മണ്ഡലത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന മണ്ണ്-ജല സംരക്ഷണ പ്രവൃത്തികളുടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു.

മണ്ഡലം ഓഫീസില്‍ നടന്ന അവലോകന യോഗത്തില്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ജിഷാകുമാരി, എന്‍എച്ച് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ എം ഹരീഷ്, റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം ജഗദീഷ്, പാലങ്ങള്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി രാജേഷ് ചന്ദ്രന്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ കെ പി അബ്ദുസ്സമദ്, മേജര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം സി സജീവ് കുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍, വിവിധ നിര്‍വഹണ ഏജന്‍സി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.