പത്തനംതിട്ട: സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളുടെയും കെട്ടിടങ്ങളും സേവനങ്ങളും സ്മാര്‍ട്ടാക്കുമെന്ന് റവന്യു- ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. ജില്ലയിലെ അടൂര്‍ താലൂക്ക് ഓഫീസ്, ഏനാത്ത് വില്ലേജ് ഓഫീസ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും കളക്ടറേറ്റ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ ഘട്ടംഘട്ടമായി സന്ദര്‍ശനം നടത്തും. പട്ടയം കൊടുക്കാനുള്ള അപേക്ഷകള്‍, അടൂര്‍ റവന്യു ടവര്‍ നിര്‍മാണം, സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണം തുടങ്ങിയവ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച്ച നടത്തി. 100 ദിന കര്‍മ പദ്ധതികയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തിയാകാത്ത വില്ലേജ് ഓഫീസുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കും. ഫര്‍ണിച്ചര്‍, കാബിന്‍ തുടങ്ങിയ സജീകരണങ്ങള്‍ ഒരുക്കും. ജില്ലാ കളക്ടര്‍, എഡിഎം എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

വില്ലേജ് ഓഫീസുകള്‍ സജീവമാക്കണം. സ്മാര്‍ട്ട് വില്ലേജ് പ്രവര്‍ത്തനം ഒരു മിഷനായി എടുക്കും. കെട്ടിടങ്ങള്‍ പ്രയോജനപ്പെടുത്തണം. ഇനി വരുന്ന കാലത്ത് പൊതുജനങ്ങള്‍ക്കു പ്രയോജനപ്പെടുംവിധം ഓഫീസുകളില്‍ കൂടുതല്‍ സജീകരണങ്ങള്‍ ഒരുക്കും. ഓഫീസുകള്‍ ജനകീയവും ജനസൗഹൃദവുമായിരിക്കണമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ വിവിധ റവന്യു ഓഫീസുകളിലെ അറ്റകുറ്റപ്പണികള്‍ യഥാസമയം പൂര്‍ത്തീകരിക്കുന്നതിനായി ഫണ്ട് സമാഹരിക്കുന്നതു പ്രയോജനം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി.സജി, എഡിഎം അലക്സ് പി. തോമസ്, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള, അടൂര്‍ തഹസീല്‍ദാര്‍ എസ്. സന്തോഷ് കുമാര്‍, ഏനാത്ത് വില്ലേജ് ഓഫീസര്‍ എസ്. ദീപ്തി, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.