തൃശ്ശൂർ: മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി എന്‍ഡിആര്‍എഫ് സംഘം ജില്ലയിലെത്തി. കേരളത്തിലെ എന്‍ഡിആര്‍എഫിന്‍റെ 9 കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്‍റെ ഭാഗമായാണ് സംഘം ജില്ലയിലെത്തിയത്. കലക്ടര്‍ എസ് ഷാനവാസുമായി കൂടിക്കാഴ്ച നടത്തിയ സംഘം ജില്ലയിലെ പ്രശ്നബാധിത പ്രദേശങ്ങളെക്കുറിച്ചും സുരക്ഷാ മുന്നൊരുക്കങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തി.

ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സന്ദീപ് റോയ്, അസി. കമാന്‍റര്‍ മനോജ് പ്രഭാകര്‍ എന്നിവരുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമാണ് ജില്ലയിലെത്തിയത്.ജില്ലയില്‍ 125 ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇത്തരം പ്രശ്നസാധ്യതാ പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്നും അസി. കമാന്‍റര്‍ ആവശ്യപ്പെട്ടു. സംഘം രണ്ടാഴ്ചയോളം ജില്ലയില്‍ തങ്ങി തീരദേശ ഗ്രാമങ്ങള്‍, പ്രകൃതിക്ഷോഭ, ദുരന്ത സാധ്യതാ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലെ സന്ദര്‍ശനത്തിന് ശേഷമാണ് സംഘം തൃശൂരിലെത്തിയത്.