എസ്.ഇ.ആര്‍.ടി പുറത്തിറക്കിയ പുസ്തകത്തെ ആധാരമാക്കി വ്യാജ പുസ്തകം വിപണിയില്‍ വില്‍പന നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതില്‍ വഞ്ചിതരാകരുതെന്നും ഡയറക്ടര്‍ അറിയിച്ചു. പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസം ശാസ്ത്രീയമായി നവീകരിക്കുന്നതിന്റെ ഭാഗമായി എസ്.ഇ.ആര്‍.ടി തയ്യാറാക്കിയ പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തില്‍ അധ്യാപക സഹായി കളിപ്പാട്ടം എന്ന പേരില്‍ ഒരു പ്രവര്‍ത്തന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് 2005, കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007 എന്നിവയുടെയും 2013 ലെ നാഷണല്‍ ഇ.സി.സി.ഇ പോളിസിയുടെയും അടിസ്ഥാനത്തിലാണ് കളിപ്പാട്ടം എന്ന പ്രവര്‍ത്തന പുസ്തകം തയ്യാറാക്കിയത്. ഈ സമീപനമനുസരിച്ച് പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ നിര്‍ദേശിക്കുന്നില്ല. എന്നാല്‍ ടീച്ചേഴ്‌സ് ക്ലബ്ബ് കോലഞ്ചേരി എന്ന പേരില്‍ ഒരു കൂട്ടം അധ്യാപകര്‍ എസ്.ഇ.ആര്‍.ടി തയ്യാറാക്കിയ കളിപ്പാട്ടം എന്ന കൈപുസ്തകത്തെ ആധാരമാക്കി കളിയൂഞ്ഞാല്‍ എന്ന പേരില്‍ കുട്ടികള്‍ക്കായി ഒരു പാഠപുസ്തകം തയ്യാറാക്കി വില്‍പന നടത്തി വരുന്നുണ്ട്. പ്രീപ്രൈമറി പാഠപുസ്തകത്തിന്റെ ഡിജിറ്റല്‍ കോപ്പി, തയ്യാറാക്കിയവരുടെ പേര്, വില എന്നിവ ഉള്‍പ്പെടെയാണ് വ്യാപകമായി ഇത് പ്രചരിക്കുന്നത്. എസ്.സി.ഇ.ആര്‍.ടി യുടെയോ, വിദ്യാഭ്യാസ വകുപ്പിന്റെയോ അനുവാദത്തോടെയോ അറിവോടെയോ അല്ല ഈ പുസ്തകം പ്രസിദ്ധീകരിച്ച് വിപണനം നടത്തിവരുന്നത്. പ്രീസ്‌കൂള്‍ സമീപന വിരുദ്ധമായ ഇത്തരം പാഠപുസ്തകങ്ങള്‍ അങ്കണവാടികളിലും പ്രീസ്‌കൂളുകളിലും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ അറിയിച്ചു.