പ്രവേശനം ജൂണ്‍ 12 നും 13 നും

പ്ലസ്‌വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആദ്യ ലിസ്റ്റ് അനുസരിച്ചുള്ള വിദ്യാര്‍ത്ഥി പ്രവേശനം ജൂണ്‍ 12 നും 13 നും നടക്കും. വിവരങ്ങള്‍www.hscap.kerala.gov.in ല്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന സ്‌കൂളില്‍ ജൂണ്‍ 13 അഞ്ചു മണിക്ക് മുമ്പ് പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ പിന്നീട് പരിഗണിക്കില്ല. ആദ്യ അലോട്ട്‌മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താല്‍ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താല്‍ക്കാലിക പ്രവേശനത്തിന് ഫീസടയ്‌ക്കേണ്ട.  താല്‍ക്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കാം. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്‌കൂളിലാണ് നല്‍കേണ്ടത്. ആദ്യ അലോട്ട്‌മെന്റില്‍ ഇടം നേടാത്തവര്‍ അടുത്ത അലോട്ട്‌മെന്റുകള്‍ക്കായി കാത്തിരിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്‌കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം.
ഈ വര്‍ഷം ഏകജാലകരീതിയില്‍ പ്ലസ്‌വണ്‍ പ്രവേശനത്തിന് ആദ്യഘട്ടത്തില്‍ ആകെ 4,96,609 വിദ്യാര്‍ത്ഥികള്‍ അപേക്ഷകള്‍ നല്‍കി. സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി പഠനത്തിന് മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് ഉള്‍പ്പടെ ആകെ ലഭ്യമായ 4,22,853 സീറ്റുകളില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലുമുള്ള 2,86,380 മെരിറ്റ് സീറ്റുകളിലേക്ക് മാത്രമാണ്  ഏകജാലകരീതിയിലൂടെ പ്രവേശനം നടത്തുന്നത്. രണ്ടാമത്തെ അലോട്ട്‌മെന്റിനുശേഷം ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകള്‍ സ്വീകരിക്കും. സ്‌പോര്‍ട്‌സ് ക്വാട്ട സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാനതലത്തില്‍ ആകെയുള്ള 9441 സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേക്കുണ്ടായിരുന്ന 6660 അപേക്ഷകരില്‍ 5802 അപേക്ഷകര്‍ക്ക് അലോട്ട്‌മെന്റ് ലഭിച്ചിട്ടുണ്ട്. വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റ് ഫലത്തോടൊപ്പം പ്രസിദ്ധീകരിക്കുന്ന നിര്‍ദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുള്ളില്‍ പ്രിന്‍സിപ്പല്‍മാര്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണം.