കോഴിക്കോട് :  വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ ജൂണ്‍ 19 മുതല്‍ ജൂലൈ 7 വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. രണ്ടാഴ്ച നീണ്ട് നില്‍ക്കുന്ന പരിപാടികളുടെ ജില്ലാതല ഉദ്ഘാടന ജൂണ്‍ 19 ന് കോഴിക്കോട് ബി.ഇ.എം സ്‌കൂളില്‍ നടക്കും. പരിപാടികളെ സംബന്ധിച്ച ആലോചനായോഗം ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റ് ചേമ്പറില്‍ ചേര്‍ന്നു.
വായനാദിനത്തോടനുബന്ധിച്ച് പി.എന്‍ പണിക്കര്‍ അനുസ്മരണം, കുട്ടികളുടെ കവിതാപാരായണം, കഥാവായന, വിവിധ കലാ പരിപാടികള്‍ ,സെമിനാറുകള്‍, നിരൂപണങ്ങള്‍ എന്നിവ നടക്കും. കൂടാതെ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍,ലൈബ്രറി കൗണ്‍സില്‍ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി സ്‌കൂളുകളിലും പ്രാദേശിക ലൈബ്രറികളിലും വിവിധ പരിപാടികള്‍ നടത്തുമെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എന്‍ ശങ്കരന്‍ മാസ്റ്റര്‍ പറഞ്ഞു.
പരിപാടിയുടെ സ്വാഗതസംഘ രൂപീകരണം ജൂണ്‍ 14 ന് രാവിലെ 10ന് ബി.ഇ.എം സ്‌കൂളില്‍ നടത്തും. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇ.കെ സുരേഷ് കുമാര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.ചന്ദ്രന്‍ മാസ്റ്റര്‍, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രതിനിധി സി.കുഞ്ഞമ്മദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.