കോഴിക്കോട്‌: ചേളന്നൂര്‍ ബ്ലോക്ക് ബ്ലോക്ക് പഞ്ചായത്തില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ആരോഗ്യ ബോധവത്ക്കരണ അവലോകന യോഗം ചേര്‍ന്നു. മഴക്കാല രോഗങ്ങള്‍ മുന്നില്‍ക്കണ്ട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും സ്‌കൂളുകളില്‍ ബോധവല്‍ക്കരണം നടത്താനും മന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. നിപ തരണം ചെയ്യുന്നതില്‍ ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും പ്രശംസനീയമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രോട്ടോക്കോള്‍ തയ്യാറാക്കുന്നതില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വിജയിച്ചെന്നും മന്ത്രി പറഞ്ഞു.

നിപ ഭയം അകന്നെങ്കിലും ആരോഗ്യജാഗ്രത തുടരണമെന്നും പഴയ തെറ്റായ ആരോഗ്യ ശീലങ്ങളിലേക്ക് തിരിച്ച് പോകരുതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ആരോഗ്യ ബോധവല്ക്കരണത്തിന്റെ ഭാഗമായി ആക്ഷന്‍ പ്ലാനുകള്‍ തയ്യാറാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. നിപഭിതി അകന്നെങ്കിലും ജില്ല ഡെങ്കിപ്പനി, മലമ്പനി, ജപ്പാന്‍ജ്വരം പോലുള്ള പകര്‍ച്ചവ്യാധി ഭീഷണിയിലാണെന്നും ജാഗ്രത നിലനിര്‍ത്തേണ്ടതുണ്ടെന്നും യോഗത്തില്‍ പങ്കെടുത്ത ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രി പറഞ്ഞു.ദ്രുതകര്‍മ്മസേന രൂപികരിക്കാന്‍ പഞ്ചായത്തുകള്‍ക്ക് ഡി എം ഒ നിര്‍ദ്ദേശം നല്കി.

യോഗത്തില്‍ ചേളന്നൂര്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍
നജില ഉബൈദുള്ള, ബ്ലോക്ക് പഞ്ചായത്ത്‌
പ്രസിഡന്റ് ഒ.പി ശോഭന, ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രതിനിധികള്‍,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍,പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.