കൊച്ചി: ജില്ലയുടെ കാര്‍ഷിക മേഖലയ്ക്ക് പുത്തനുണര്‍വ്വേകി തോട്ടറ ബ്രാന്‍ഡ് കുത്തരി ഇന്ന് വിപണിയില്‍ എത്തും. ബ്രാന്‍ഡ് പ്രഖ്യാപനവും വിപണനോദ്ഘാടനവും വൈകീട്ട് അഞ്ച് മണിക്ക് അരയന്‍കാവ് ശ്രീ ഭദ്രാ ഓഡിറ്റോറിയത്തില്‍ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ നിര്‍വ്വഹിക്കും. ജില്ലയുടെ നെല്ലറയായ തോട്ടറപുഞ്ച പാടശേഖരത്തിന്റെ പുനര്‍ജനിയുടെ ആഘോഷം കൂടിയായി മാറും ഇന്ന് നടക്കുന്ന വിപണനോദ്ഘാടനം. ജില്ലയുടെ പരിധിയില്‍ വരുന്ന കര്‍ഷകരെ ഉള്‍പ്പെടുത്തി കാര്‍ഷിക രംഗത്തെ സജീവമാക്കുന്നതിനായി ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച പദ്ധതികളില്‍ സുപ്രധാനനേട്ടമാണ് തോട്ടറയില്‍ കൈവരിച്ചിരിക്കുന്നത്.

കൃഷി വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹായത്തോടെ തോട്ടറപുഞ്ച കര്‍ഷകസമിതിയാണ് തോട്ടറ ബ്രാന്‍ഡ് വിപണിയില്‍ എത്തിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുറമേ കുടുംബ ശ്രീ മിഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, കീച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവയും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്നു. ഗുണമേന്മ ഏറെയുള്ള തോട്ടറ അരി വിപണിയില്‍ വ്യാപകമാക്കുന്നതോടൊപ്പം കര്‍ഷകര്‍ക്ക് അര്‍ഹമായ വില ലഭ്യമാക്കി കൃഷി പ്രോത്സാഹിപ്പിക്കുകയും ബ്രാന്‍ഡിങിലൂടെ ലക്ഷ്യമിടുന്നു. ഓയില്‍ പാം ഇന്ത്യയുടെ മോഡേണ്‍ റൈസ് മില്ലില്‍ സംസ്‌കരിച്ച ഉന്നത നിലവാരം പുലര്‍ത്തുന്ന അരി കിലോഗ്രാമിന് 55 രൂപയ്ക്കാണ് വിപണിയില്‍ ആദ്യ ഘട്ടത്തില്‍ ലഭ്യമാക്കുന്നത്.

വര്‍ഷത്തില്‍ പകുതിയും വെള്ളത്തിനടിയിലാകുന്നതാണ് തോട്ടറയിലെ പാടശേഖരങ്ങള്‍. ജൈവ സമ്പന്നമായ  പുഞ്ചകൃഷിയ്ക്കും നെല്ലിനും ഏറെ സവിശേഷതകള്‍ ഉണ്ട്. വളക്കൂറുള്ള മണ്ണില്‍ രാസവളപ്രയോഗം ഒഴിവാക്കാം. വരും കാലത്ത് സമ്പൂര്‍ണ്ണ ജൈവകൃഷി വ്യാപനവും സമിതി വിഭാവനം ചെയ്യുന്നു.  ഭൂരിഭാഗം കൃഷിയിടങ്ങളും വെള്ളക്കെട്ട് ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ കൃഷിയിടത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുവാനായി തോട്ടറ കനാല്‍ നവീകരിച്ചതിന് പുറമെ പാടശേഖര സമിതികള്‍ക്ക് ഒമ്പത് പമ്പുകളും നിലവില്‍ വിതരണം ചെയ്തിട്ടുണ്ട്. ഇതിന് പുറമേ വെള്ളം കനാലില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്നതിനായി മൂന്ന് പമ്പുകള്‍ കൂടി ഉടന്‍ എത്തിക്കും. പാടശേഖരങ്ങളിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുലിമുഖം ബണ്ടിന്റെ നവീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.