കട്ടപ്പന നഗരസഭയിലെ ഗാര്‍ഹിക ജൈവമാലിന്യം പൂര്‍ണ്ണമായും ജൈവവളമാക്കുന്നു. ഇതിനായി പ്രത്യേക മാലിന്യ സംസ്കരണയൂണിറ്റ് എത്തിച്ച് സജ്ജീകരിച്ച് വിതരണം ചെയ്യുകയാണ് കട്ടപ്പന നഗരസഭ. യൂണിറ്റ് സ്ഥാപിക്കുന്നവര്‍ ജൈവകമ്പോസ്റ്റിന് ചാണകവും മണ്ണും തേടി അലയേണ്ട ആവശ്യമില്ല. അരമീറ്റര്‍ ഉയരവും വീതിയുമുളള കമ്പോസ്റ്റ് യൂണിറ്റിന് രണ്ട് അറകളാണുളളത്. ഇതില്‍ കമ്പോസ്റ്റിന് അടിസ്ഥാനമായി ചകിരിച്ചോറും മണ്ണിരയും ഇട്ടാണ് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. ഇത്തരത്തില്‍ സജ്ജീകരിച്ച യൂണിറ്റ് വീടുകളിലോ, ഹോട്ടല്‍ പോലെയുളള സ്ഥാപനങ്ങളിലോ സ്ഥാപിച്ച് ജൈവമാലിന്യം നിക്ഷേപിക്കാം. മാലിന്യം നിക്ഷേപിച്ചശേഷം അടപ്പുകൊണ്ട് അടച്ചുവയ്ക്കുന്നതിനാല്‍ ദുര്‍ഗന്ധമോ ഈച്ചശല്യമോ ഉണ്ടാകില്ല. ഒരു അറയില്‍ മാലിന്യം നിറഞ്ഞുകഴിഞ്ഞാല്‍ അടുത്ത അറയില്‍ നിക്ഷേപിച്ചു തുടങ്ങാം. 30 ദിവസം കൊണ്ട് മാലിന്യം പൂര്‍ണ്ണമായും ജൈവവളമായി മാറും.
3000 മാലിന്യസംസ്കരണ യൂണിറ്റുകളാണ് നഗരസഭ ആദ്യപടിയായി എത്തിച്ചത്. വാര്‍ഡ്തല യോഗങ്ങള്‍ വഴി അപേക്ഷ നല്കിയവരില് 1800 പേര്‍ക്ക് ഇതുവരെ നല്കികഴിഞ്ഞു. വിപണിയില്‍ 1400 രൂപ വിലവരുന്ന യൂണിറ്റിന് 500 രൂപ നിരക്കിലാണ് നഗരസഭ വിതരണം ചെയ്യുന്നത്. തൃശൂര്‍ എര്‍ത്ത് കെയര്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് യൂണിറ്റ് നിര്‍മ്മിച്ച് നല്‍കുന്നത്. ആയിരം രൂപയ്ക്കടുത്ത് യൂണിറ്റൊന്നിന് കമ്പനിക്ക് നല്‍കണം. ഗുണഭോക്താവില്‍ നിന്നും ലഭിക്കുന്ന തുകയുടെ ബാക്കി നഗരസഭയാണ് വഹിക്കുന്നത്. മണ്ണിരകമ്പോസ്റ്റിനായി 15 ലക്ഷം രൂപയാണ് പ്ലാന്‍ഫണ്ടില്‍ നഗരസഭ വകയിരുത്തിയിരിക്കുന്നത്. കമ്പോസ്റ്റ് യൂണിററ് ആവശ്യമുളളവര്‍ക്ക് കൃഷിഭവന് മുഖേന അപേക്ഷ നല്‍കാം. ആവശ്യപ്പെടുന്ന മുഴുവന്‍ പേര്‍ക്കും വിതരണം ചെയ്ത് നഗരസഭയിലെ എല്ലാ വീടുകളിലും ജൈവമാലിന്യ സംസ്കരണയൂണിറ്റ് എത്തിക്കുകയാണ് ലക്ഷ്യമെന്ന് നഗരസഭാ ചെയര്മാന് മനോജ്. എം. തോമസ് പറഞ്ഞു.
കട്ടപ്പന നഗരത്തെ പൂര്‍ണ്ണ മാലിന്യവിമുക്തമാക്കുന്നതിന്റെ ആദ്യഘട്ടമായാണ് ഗാര്‍ഹികമാലിന്യം സംസ്കരിച്ച് ജൈവവളമാക്കുന്ന പദ്ധതിക്ക് നഗരസഭ തുടക്കം കുറിച്ചിരിക്കുന്നത്. നഗരത്തിലും പാതയോരങ്ങളിലും മാലിന്യം വലിച്ചെറിയുന്ന നടപടിക്ക് മണ്ണിരകമ്പോസ്റ്റ് യൂണിറ്റ് നല്‍കുന്നതിലൂടെ ഒരു പരിധിവരെ തടയിടാനാകും. നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുളള സിസിടിവി ക്യാമറയിലൂടെ മാലിന്യം നിക്ഷേപിക്കുന്നവരുടെ ദൃശ്യങ്ങള്‍ ശേഖരിക്കുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ചെയര്മാന് അറിയിച്ചു.
