വിനോദ സഞ്ചാരമേഖലയുടെ അതിജീവനത്തിന്
നൂതന പദ്ധതികൾ നടപ്പാക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ആലപ്പുഴ: കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ കേരളത്തിലെ വിനോദ സഞ്ചാര മേഖലയുടെ അതിജീവനത്തിനായി നൂതന പദ്ധതികൾ നടപ്പാക്കുമെന്ന് വിനോദ സഞ്ചാര-പൊതുമരാമത്തു വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കെ.റ്റി.ഡി.സി. ആരംഭിച്ച ‘ഇൻ കാർ ഡൈനിംഗ് ‘ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കായംകുളം കെ.റ്റി.ഡി.സി. ആഹാർ ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
വളരെ പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈ സാഹചര്യത്തെ അതിജീവിക്കുന്നതിനായി വേറിട്ട പദ്ധതികളും മാർഗങ്ങളുമാണ് സ്വീകരിക്കേണ്ടത്. കോവിഡ് മഹാമാരിയുടെ രണ്ടാം വരവോടെ ഹോട്ടലിനുള്ളിലിരുന്ന് ആഹാരം കഴിക്കാൻ ജനങ്ങൾ കാട്ടുന്ന ആശങ്ക പരിഹരിക്കുന്നതിനായാണ് ‘ഇൻ കാർ ഡൈനിംഗ്’ പദ്ധതിക്ക് തുടക്കം കുറിച്ചത്. കെ.റ്റി.ഡി.സി. ഹോട്ടലുകളിൽ എത്തിയാൽ കാറുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കും. ആദ്യ ഘട്ടത്തിൽ കേരളത്തിലെ നാല് കെ.റ്റി.ഡി.സി. ഹോട്ടലുകളിൽ ആരംഭിക്കുന്ന പദ്ധതി മറ്റ് ഹോട്ടലുകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
പാർക്കിംഗ് സൗകര്യമുള്ള ഹോട്ടലുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഹോട്ടലുകളിൽ എത്തുന്നവർക്ക് സ്വന്തം വാഹനങ്ങളിൽ തന്നെ ഭക്ഷണം ലഭ്യമാക്കും. വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങുകയോ ഹോട്ടലുകളിൽ കയറുകയോ ചെയ്യാതെ കാറിനുള്ളിൽ ഘടിപ്പിക്കുന്ന താൽക്കാലിക തീൻ മേശയിൽ ഭക്ഷണം എത്തിക്കും. ആവശ്യമായ കോവിഡ് പ്രതിരോധ സംവിധാനങ്ങളും ഒരുക്കും.
കൊട്ടാരക്കര, കുറ്റിപ്പുറം, കണ്ണൂർ ധർമ്മശാല എന്നിവിടങ്ങളിലെ കെ.ടി.ഡി.സി. ആഹാർ റസ്റ്റോറന്റുകളിലും സേവനം ലഭിക്കും. ചടങ്ങിൽ അഡ്വ.യു. പ്രതിഭ എം.എൽ.എ., കായംകുളം നഗരസഭാധ്യക്ഷ പി. ശശികല, കെ.റ്റി.ഡി.സി. മാനേജിങ് ഡയറക്ടർ വി.ആർ. കൃഷ്ണതേജ എന്നിവർ പങ്കെടുത്തു.