ആലപ്പുഴ: കോവിഡ് മൂന്നാം തരംഗത്തെ ശക്തമായി പ്രതിരോധിക്കാൻ ഒരുങ്ങി ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും. ഇതിന്റെ ഭാഗമായി മെഡിക്കൽ കോളേജിലെ ട്രയാജ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തി. വെന്റിലേറ്റർ, ഓക്സിജൻ കോൺസെൻട്രേറ്റർ എന്നിവ ട്രയാജിലെ എല്ലാ കിടക്കകൾക്കും സജ്ജീകരിച്ചു. നിലവിലുള്ള 285 കിടക്കകൾ കൂടാതെ 150 കിടക്കകൾ കൂടി മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സക്കായി സജ്ജീകരിക്കും. അധികമായി 12 ഐ.സി.യു. കിടക്കകൾ, കുട്ടികൾക്കായി 28 ഹൈ- ഡിപെൻഡൻസി യൂണിറ്റുകൾ എന്നിവ ഒരുക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.
കുട്ടികൾക്ക് എങ്ങനെയാണ് കോവിഡ് ബാധിക്കുന്നത്, എങ്ങനെയെയാണ് കോവിഡ് കുട്ടികളിൽ രൂക്ഷമാകുന്നത്, കോവിടാനന്തരം കുട്ടികളിൽ മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രം ഇൻ ചിൽഡ്രൻ അഥവാ മിസ്ക് എന്ന അവസ്ഥ നേരിടാൻ വേണ്ടുന്ന കാര്യങ്ങളും മെഡിക്കൽ കോളേജിൽ ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടുതൽ ഡോക്ടർമാർക്കും നഴ്സ്മാർക്കും പീഡിയാട്രിക് വെന്റിലേറ്റർ പരിശോധന നൽകും. കുട്ടികളിലെ മിസ്കിന് നൽകേണ്ടി വരുന്ന വളരെ വിലയുള്ള ഇൻട്ര വീനസ് ഇമ്മ്യുണോ ഗ്ലോബ്ലിൻ ലഭ്യമാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കൂടാതെ 2000 ലിറ്ററിന്റെ ഒരു ഓക്സിജൻ ജനറേഷൻ പ്ലാന്റ് ഒരു സന്നദ്ധ സംഘന മുഖേന സ്ഥാപിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ടന്റ് ഡോ. ആർ. വി രാംലാൽ പറഞ്ഞു.
ജില്ലാ തലത്തിൽ സ്വീകരിക്കുന്ന നടപടികൾ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് നിലവിൽ ജില്ലയിൽ കോവിഡ് ആശുപത്രികളിലും സി.എഫ്.എൽ.റ്റി.സി, സി.എസ്.എൽ.റ്റി.സി, ഡി.സി.സി. എന്നിവിടങ്ങളിലായി 4550 കിടക്കകൾ ലഭ്യമാണ്. ഇതിൽ 877 കിടക്കകളിൽ ഓക്സിജൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടുന്നതിനായി എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ഓരോ ആശുപത്രികളിൽ 20 കിടക്കകൾ വീതം ആകെ ഒൻപത് ആശുപത്രികളിലായി 180 കിടക്കകൾ സജ്ജീകരിക്കും. ഏഴ് പ്രധാന ആശുപത്രികളിലായി 82 ഐ.സി.യു. കിടക്കകൾ, 46 വെന്റിലേറ്ററുകൾ, 564 ഓക്സിജൻ സപ്ലൈ കിടക്കകൾ എന്നിവയും ക്രമീകരിക്കും.
ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ആലപ്പുഴ വനിതാ -ശിശു ആശുപത്രി, ചേർത്തല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും രണ്ടാം ഘട്ടത്തിൽ ആലപ്പുഴ ജനറൽ ആശുപത്രി, കായംകുളം താലൂക്ക് ആശുപത്രി, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും കൂടുതൽ ചികിത്സാ സംവിധാനങ്ങൾ സജ്ജമാക്കും. മൂന്നാം ഘട്ടത്തിൽ മാവേലിക്കര ജില്ല ആശുപത്രി, നൂറനാട് ലപ്രസി സാനിറ്റോറിയം എന്നീ കേന്ദ്രങ്ങളെയും സജ്ജമാക്കും. കോവിഡ് തൃതീയ ചികിത്സാ കേന്ദ്രമായി ആലപ്പുഴ റ്റി. ഡി. മെഡിക്കൽ കോളേജും പ്രവർത്തിക്കും. വിവിധ ഘട്ടങ്ങളിലേക്കുള്ള ആശുപത്രികളുടെ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുകയാണ്.
ഡോക്ടർമാരടക്കമുള്ള എല്ലാ വിഭാഗം ജീവനക്കാർക്കായും സംസ്ഥാന തലത്തിലുള്ള പരിശീലന പരിപാടികൾ നടന്നുവരുന്നു. ജില്ലാ തലത്തിലും ഓൺലൈൻ മുഖേനയും അല്ലാതെയും പരിശീലനം ലഭ്യമാക്കും. എല്ലാവരും കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജാഗ്രത കൈവെടിയരുതെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതാകുമാരി പറഞ്ഞു.