കൊല്ലം: ആശ്രമം ലിങ്ക് റോഡിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ജില്ലയിലെ വിനോദ സഞ്ചാര മേഖലകളുടെ പരസ്പര ബന്ധം സാധ്യമാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ആശ്രാമം ലിങ്ക് റോഡ് മൂന്നാം ഘട്ട നിർമാണത്തിന്റെ പുരോഗതി വിലയിരുത്തുകയായിരുന്നു മന്ത്രി.
ജില്ലയിൽ വിനോദ സഞ്ചാര ഭൂപടത്തിൽ ഇതുവരെ അറിയപ്പെടാത്ത മേഖലകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും റോഡിന്റെ പൂർത്തീകരണം കൊണ്ട് സാധിക്കും.
നഗരത്തിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും, മന്ത്രി പറഞ്ഞു.
കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് തോപ്പിൽ കടവ് വരെ അഷ്ടമുടി കായലിന്റെ തീരത്തോട് ചേർന്ന് ഫ്ലൈ ഓവറായാണ് പദ്ധതി പൂർത്തിയാക്കുന്നത്.
മൂന്ന് ദേശീയ പാതകളെയും പ്രധാന റോഡുകളെയും ബന്ധിപ്പിക്കുന്ന റിംഗ് റോഡായി ആശ്രാമം ലിങ്ക് റോഡ് മാറും.
1100 മീറ്റർ നീളത്തിൽ 35 സ്പെനുകളായാണ് മൂന്നാം ഘട്ടം ഫ്ലൈ ഓവർ നിർമിക്കുന്നത്. 27 സ്പാനുകളുടെ നിർമാണം പൂർത്തിയായി.
കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെട്ട ലിങ്ക് റോഡ് നാലാം ഘട്ടത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
എം. മുകേഷ് എം.എൽ.എ, മേയർ പ്രസന്ന ഏണസ്റ്റ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുമരാമത്ത് പാലം വിഭാഗം ജീവനക്കാർ, തുടങ്ങിയവർ പങ്കെടുത്തു.