മലപ്പുറം: കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം കാര്യക്ഷമമാക്കുന്നതിനായി കൊണ്ടോട്ടി പുളിക്കല്‍ എ.എം.എം.എല്‍.പി സ്‌കൂളില്‍ ‘എജ്യു സ്മാര്‍ട്ട് സപ്പോര്‍ട്ട്’ പദ്ധതിക്ക് തുടക്കമായി. അധ്യാപകര്‍, രക്ഷിതാക്കള്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതിയുടെ ഭാഗമായി ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത 15 വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു.

സ്മാര്‍ട്ട് ഫോണുകളുടെ വിതരണോദ്ഘാടനം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി നിര്‍വ്വഹിച്ചു. പ്രഥമാധ്യാപകന്‍ പി.എന്‍. അബ്ദുല്‍ സലാം ഏറ്റുവാങ്ങി. പി.പി മൂസ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. മുജീബ് റഹ്‌മാന്‍, ഗ്രാമ പഞ്ചായത്തംഗം ആസിഫ് ഷമീര്‍, സ്‌കൂള്‍ മാനേജര്‍ പി.പി. അബ്ദുല്‍ ഖാലിഖ്, പി.ടി.എ പ്രസിഡണ്ട് പി.പി. ഉമ്മര്‍, കെ. അബ്ദുല്‍ സത്താര്‍, സി.കെ. മുഹമ്മദ് കോയ എന്നിവര്‍ സംബന്ധിച്ചു.