വയനാട്:  സംസ്ഥാന സാമൂഹ്യനീതി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ നിർവ്വഹിച്ചു. ഇലക്ട്രോണിക് വീൽചെയർ വിതരണം ചെയ്തായിരുന്നു ഉദ്ഘാടനം. രണ്ട് ലക്ഷം രൂപ വില വരുന്ന ഇലക്ട്രോണിക് വീൽചെയർ മീനങ്ങാടി സ്വദേശിയായ എൽദോ ബേസിൽ ബേബി, മരവയൽ സ്വദേശിയായ എസ്. ദേവിക റാണി എന്നീ കുട്ടികൾക്കാണ് നൽകിയത്. പദ്ധതിയുടെ ഭാഗമായി ഡെയ്സി പ്ലെയർ, സി.പി വീൽചെയർ എന്നിവ കൂടി കൈമാറും. സാമൂഹ്യനീതി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ സാമൂഹ്യ നീതി ഓഫീസർ കെ. അശോകൻ, ജൂനിയർ സൂപ്രണ്ട് ബി. രാജീവ്, ഹെഡ് അക്കൗണ്ടൻ്റ് സലീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.