കാസർഗോഡ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ നടന്നുവരുന്ന കോവിഡ് പരിശോധനകളുടെ എണ്ണം ഒന്നര ലക്ഷം പിന്നിട്ടു. സര്‍വ്വകലാശാലയിലെ ബയോകെമിസ്ട്രി ആന്റ് മോളിക്യുലാര്‍ ബയോളജി വിഭാഗത്തിന് കീഴിലുള്ള വൈറോളജി ലാബില്‍ ജൂലൈ വരെ 148534 സാമ്പിളുകള്‍ ആണ് പരിശോധിച്ചത്. പ്രതിദിനം ശരാശരി 1700 സാമ്പിളുകളുടെ പരിശോധനയാണ് ഇവിടെ നടക്കുന്നത്.

ജില്ലയുടെ കോവിഡ് പ്രതിരോധം ഊട്ടിയുറപ്പിക്കാന്‍ മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും കര്‍മ്മനിരതമാണ് സര്‍വ്വകലാശാലയിലെ വൈറോളജി ലാബ്. ജില്ലയിലെ വിവിധ പ്രാഥമിക, സാമൂഹ്യ, കുടുംബ ആരോഗ്യ കേന്ദ്രങ്ങള്‍, ജില്ലാ ആശുപത്രി, പ്രത്യേക ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍നിന്നും ശേഖരിക്കുന്ന സാമ്പിളുകളാണ് ഇവിടെ പരിശോധിക്കുന്നത്. തുടര്‍ന്ന് പരിശോധനാ ഫലം സംസ്ഥാന സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുന്നു.
വൈറസിന്റെ ജനിതക വ്യതിയാനം സംബന്ധിച്ച പഠനത്തിന് ഡെല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയുമായും സര്‍വ്വകലാശാല സഹകരിക്കുന്നുണ്ട്. പ്രതിമാസം മുന്നൂറോളം സാമ്പിളുകള്‍ ഇതിന്റെ ഭാഗമായി ഇന്‍സ്റ്റിറ്റ്യൂട്ടിന് കൈമാറുന്നുണ്ട്. ഇതുവരെ 1500 ഓളം സാമ്പിളുകളാണ് അയച്ചത്. യുണിസെഫിന്റെ സഹായത്തോടെ ഇന്ത്യന്‍ കൗണ്‍സില്‍ മെഡിക്കല്‍ റിസര്‍ച്ച് ഒരു ആര്‍ ചി പി സി ആര്‍ മെഷീനും ആര്‍ എന്‍ എ എക്‌സ്ട്രാക്ട് മെഷീനും അനുവദിച്ചിട്ടുണ്ട്. അവ കൂടി എത്തുന്നതോടെ സാമ്പിള്‍ പരിശോധനകളുടെ എണ്ണം കൂട്ടാനാകുമെന്ന് വകുപ്പ് മേധാവി ഡോ രാജേന്ദ്ര പിലാങ്കട്ട പറഞ്ഞു.

ഡോ. രാജേന്ദ്ര പിലാങ്കട്ടക്ക് പുറമെ അധ്യാപകനായ ഡോ. സമീര്‍ കുമാര്‍, ലാബ് ടെക്‌നീഷ്യന്മാരായ ആരതി എം., ക്രിജിത്ത് എം.വി. , സുനീഷ് കുമാര്‍, രൂപേഷ് കെ., റോഷ്‌ന രമേശന്‍, വീണ, ലാബ് അസിസ്റ്റന്റുമാരായ ജിതിന്‍രാജ് വി., ഷാഹുല്‍ ഹമീദ് സിംസാര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരായ മുഹമ്മദ് റിസ്വാന്‍, നിഖില്‍ രാജ്, സച്ചിന്‍ എം.പി, ഗവേഷക വിദ്യാര്‍ത്ഥികളായ പ്രജിത്ത്, വിഷ്ണു, രാജേഷ്, മനോജ്, അശ്വതി, ലതിക, രന്‍ജീത്. അശുതോഷ്, അഞ്ജലി എന്നിവരാണ് വൈറോളജി ലാബിലെ കോവിഡ് പോരാളികള്‍. വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്. വെങ്കടേശ്വര്‍ലുവിന്റെ ഇടപെടലും പിന്തുണയും ഇതിന് പിന്നിലുണ്ട്. കോവിഡ് പ്രതിരോധ നടപടികള്‍ ആഴ്ചതോറും വിലയിരുത്തുന്നതിനും ശക്തമാക്കുന്നതിനും കോവിഡ് മോണിറ്ററിംഗ് കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് കമ്മറ്റി നടപടികള്‍ സ്വീകരിച്ചുവരുന്നു. 2020 മാര്‍ച്ച് 30നാണ് കോവിഡ് പരിശോധിക്കുന്നതിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി (ഐസിഎംആര്‍)ന്റെ അംഗീകാരം കേന്ദ്ര സര്‍വ്വകലാശാല്യ വകുപ്പിന്റെയും ജില്ലാ ഭരണ സംവിധാനത്തിന്റെയും നിര്‍ദേശം പരിഗണിച്ചായിരുന്നു കേന്ദ്ര സര്‍വകലാശാല വൈറോളജി ലാബില്‍ കോവിഡ് പരിശോധന ആരംഭിച്ചത്.രാജ്യത്ത് കോവിഡ് പരിശോധനക്ക് നേതൃത്വം നല്‍കുന്ന ആദ്യ കേന്ദ്ര സര്‍വ്വകലാശാലയാണ് ഇത്.