ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിലെ ഏഴു ഗ്രാമ പഞ്ചായത്തുകളിലായി ജൈവവേലിയോടു കൂടിയ 64 പച്ചത്തുരുത്തുകള്‍ ഒരുക്കുന്ന പദ്ധതിക്ക് തുടക്കമായി.

കോട്ടയം: തദ്ദേശ സ്വയം ഭരണ, ഗ്രാമവികസന വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവ്വഹിച്ചു . മുണ്ടക്കയം ദേവയാനം ശ്മശാനത്തില്‍ തൈ നട്ട് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ പദ്ധതിക്ക് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിർമ്മല ജിമ്മി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു സെബാസ്റ്റ്യന്‍, ഹരിതകേരളം മിഷന്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ എസ്. ഇന്ദു, ഹരിതകേരളം മിഷന്‍ കൺസൾട്ടൻ്റുമാരായ ടി. പി. സുധാകരന്‍, യു.എസ്. സഞ്ജീവ്, സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്‍റ് കണ്‍സര്‍വേറ്റര്‍ ഡോ. ജി. പ്രസാദ്, ദാരിദ്ര ലഘൂകരണ നിവാരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി. എസ്. ഷിനോ,പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍, അസിസ്റ്റന്‍റ് ഡെവലപ്‌മെന്‍റ് കമ്മീഷണര്‍ ജി. അനീസ്, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേശ് എന്നിവര്‍ സംസാരിച്ചു.

ജില്ലാ പഞ്ചായത്തംഗം പി. ആര്‍. അനുപമ സ്വാഗതവും മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്‍റ് രേഖ ദാസ് നന്ദിയും പറഞ്ഞു. ജനപ്രതിനിധികളുടെയും തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹിക വനവല്‍ക്കരണ വിഭാഗം, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, ഹരിതകേരളം മിഷന്‍, സന്നദ്ധ സംഘടനകൾ, യുവജന സംഘടനകൾ എന്നിവയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

അതത് വാർഡ് മെംബർമാർ കണ്ടെത്തിയ അനുയോജ്യമായ സ്ഥലത്ത് ആവശ്യമായ വൃക്ഷത്തൈകൾ എത്തിച്ചു നൽകി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഉൾപ്പെടുന്ന മുഴുവൻ പഞ്ചായത്ത് വാർഡുകളിലും പച്ചത്തുരുത്ത് പദ്ധതി നടപ്പാക്കുന്നത്.