ജില്ലയിൽ ഒ ആർ സി – ജില്ലാ റിസോഴ്‌സ് സെന്റർ കലക്ട്രേറ്റിൽ പ്രവർത്തനമാരംഭിച്ചു. വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ നടപ്പാക്കി വരുന്ന അവർ റസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായാണ് ഒ ആർ സി – ജില്ലാ റിസോഴ്‌സ് സെന്റർ ആരംഭിച്ചത്. റിസോഴ്‌സ് സെന്ററിന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ എസ് ഷാനവാസ് നിർവഹിച്ചു. രക്ഷിതാക്കൾക്കും അധ്യാപകർക്കും പൊതുസമൂഹത്തിനും കുട്ടികളോടുള്ള ഒന്നായുള്ള ഉത്തരവാദിത്വമാണ് ഇതിലൂടെ നടപ്പാക്കപ്പെടുന്നത്. ജില്ലയിലെ വിദ്യാലയങ്ങളിൽ നിന്നും സ്കൂൾ കൗൺസിലർമാർ മുഖേന ജില്ലാ റിസോഴ്‌സ് സെന്ററിൽ വരുന്ന കുട്ടികൾക്ക് ശാരീരിക-മാനസിക-സാമൂഹികാരോഗ്യ വിഷയങ്ങളിൽ വിദഗ്ധ പരിചരണം ഉറപ്പുവരുത്തുകയാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് സേവനം ലഭ്യമാക്കുന്നത്.ജില്ലാ ഓ ആർ സി റിസോഴ്‌സ് സെന്ററിൻ്റെ ഏകോപനത്താൽ നടത്തുന്ന പ്രവർത്തനം ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ മേൽനോട്ടത്തിലാണ് നടപ്പാക്കുന്നത്. ഓആർസി പ്രൊജക്ട്  അസിസ്റ്റന്റ്, ഓആർസി സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനമാണ് ഈ പ്രവർത്തനത്തെ ശക്തിപ്പെടുത്തുന്നത്. ഇവയ്‌ക്ക് പുറമെ ഓ ആർ സിയുടെ കീഴിൽ നിയമിക്കുന്ന വിദഗ്ധ സൈക്കോളജിസ്റ്റിന്റെ മുഴുവൻ സമയ സേവനവും ഇവിടെ ഉറപ്പുവരുത്തും. സ്‌കൂളുകളിൽനിന്നും കൗൺസിലർമാർ മുഖേന റഫർ ചെയ്തുവരുന്ന കുട്ടികളുടെ ഗൗരവമേറിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ കൗൺസിലിങിനും മെന്ററിങിനും വിദഗ്ദ്ധ പരിചരണത്തിനുമുള്ള സൗകര്യങ്ങളും റിസോഴ്‌സ് സെന്റർ വിഭാവനം ചെയ്യുന്നുണ്ട്.  കലക്ടറേറ്റിൻ്റെ താഴത്തെ നിലയിലാണ് ഈ ഓഫീസ് സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. 

ഇവയ്ക്ക് പുറമെ പരിശീലനങ്ങൾ നൽകിയ കൗൺസിലർമാർ, ക്ലിനിക്കൽ/ അപ്ലൈഡ് സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, പീഡിയാട്രീഷ്യൻ, പരിശീലകർ, വിദഗ്ധർ തുടങ്ങിയവരുടെ റിസോഴ്‌സ് പൂളുകൾ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കും. ഇതോടെ സൗജന്യവും വിദഗ്ധവുമായ സേവനങ്ങൾ കുട്ടികൾക്ക് നൽകാനാകും. നിലവിൽ ജില്ലയിൽ ആകെ 28 സർക്കാർ സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കി വരുന്നത്. സ്വകാര്യ – എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്ക് സ്കൂൾ കൗൺസിലർ മുഖേന സേവനത്തിനായ് ഒ ആർ സി – ജില്ലാ റിസോഴ്‌സ് സെന്ററിനെ സമീപിക്കാവുന്നതാണ്.കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും സംരക്ഷണത്തിനും ആവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്ന ഏജൻസികളുടെ കോ-ഓർഡിനേഷൻ സെന്ററായും വിജ്ഞാന വ്യാപന കേന്ദ്രമായും പ്രവർത്തിക്കുക എന്നതാണ് ജില്ലാ റിസോഴ്‌സ് സെന്ററിന്റെ മറ്റൊരു ലക്ഷ്യം. സാമൂഹ്യ പ്രതിബദ്ധതയുള്ള കാര്യശേഷിയുള്ള ഏതൊരു വ്യക്തിക്കും ഡി ആർ സിയുടെ ഭാഗമായി മെന്ററായി പ്രവർത്തിക്കാനാവും. ഒ ആർ സി – ജില്ലാ റിസോഴ്‌സ് സെന്ററിൻ്റെ പ്രവർത്തനം വ്യാപിക്കുന്നതോടെ വകുപ്പിൻ്റെ പൂർണ്ണമായ ചെലവിൽ തന്നെ കുട്ടികളുടെ ശാരീരിക-മാനസിക-സാമൂഹികാരോഗ്യ വിഷയങ്ങളിൽ പരിഹാരം കാണാനാകും.ചടങ്ങിൽ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഡോ. കെ ജി വിശ്വനാഥൻ, ജില്ലാ പ്ലാനിങ് ഓഫീസർ ശ്രീലത, ജില്ലാ ശിശു സംരക്ഷണ ഓഫീസർ മഞ്ജു പി ജി, ജില്ലാ വനിതാ ശിശു വികസനജില്ലാ ഓഫീസർ എസ് സുലക്ഷണ, ഓആർസി പ്രൊജക്ട് അസിസ്റ്റന്റ് ടി വി ബീന, ഒ ആർ സി സൈക്കോളജിസ്റ്റ് പി വി രേഷ് എന്നിവർ പങ്കെടുത്തു.