എറണാകുളം: കോവിഡ് വാക്‌സിന്‍ ആവശ്യമുള്ളവര്‍ക്ക് പെയ്ഡ് വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള എറണാകുളം ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള വാക്സിനേഷന്‍ വെള്ളിയാഴ്ച ആരംഭിക്കും. 780 രൂപ നിരക്കില്‍ വാക്സിന്‍ ലഭ്യമാക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. അമൃത ആശുപത്രിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയിലേക്ക് മൊത്തം 4700 പേരാണ് രജിസ്റ്റര്‍ ചെയ്തത്.

അമൃത ആശുപത്രിയില്‍ വെച്ചാണ് വാക്‌സിനേഷന്‍ നടക്കുന്നത്. ആദ്യ ഘട്ടമായി ഇന്ന് 2200 പേര്‍ക്ക് വാക്സിന്‍ നല്‍കും. രാവിലെ 7.45ന് ആരംഭിക്കുന്ന വാക്‌സിനേഷന്‍ ഒരു മണിക്ക് പൂര്‍ത്തിയാവും. 3 ന് ശനിയാഴ്ച 1250 പേര്‍ക്കും 5 ന് തിങ്കളാഴ്ച 1250 പേര്‍ക്കും വാക്‌സിന്‍ നല്‍കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു. വാക്സിനേഷന്‍ നിരക്കായ 780 രൂപ ആശുപത്രിയില്‍ നേരിട്ട് അടയ്ക്കുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍ സമയവും കേന്ദ്രവും സംബന്ധിച്ച് മെസേജായി വിവരം നല്‍കിയിട്ടുണ്ട്. വാക്സിനേഷന്‍ കേന്ദ്രത്തില്‍ തിരക്ക് ഒഴിവാക്കുന്നതിനായി അറിയിപ്പ് ലഭിച്ചിട്ടുള്ളവര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കൃത്യസമയത്ത് തന്നെ എത്തണം.

വാക്സിനേഷനായി എത്തുന്നവര്‍ തിരിച്ചറിയല്‍ രേഖകളായി ആധാര്‍ കാര്‍ഡോ പാസ്പോര്‍ട്ടോ നിര്‍ബന്ധമായും കരുതണം. വിദേശത്ത് പോകുന്നരാണെങ്കില്‍ പാസ്‌പോര്‍ട്ട് കൈവശം കരുതണം. വാക്സിനേഷനായി ഫോണില്‍ ലഭിച്ച സന്ദേശവും കൈയില്‍ കരുതണം. വാക്സിന്‍ എടുക്കാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് ഹാളില്‍ പ്രവേശനം.

വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വേണ്ടി വിദേശത്തും അന്യസംസ്ഥാനത്തും പോകുന്ന വിദ്യാര്‍ഥികള്‍ക്കും ആദ്യ ഡോസ് എടുത്ത് 85 ദിവസം പൂര്‍ത്തിയായവര്‍ക്കും ആണ് വാക്‌സിന്‍ നല്‍കുന്നതിന് മുന്‍ഗണന.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072488555, 9544918255, 9895956226, 9846853981, 9961029878, 9846465147, 9633868933, 7907023824.