എറണാകുളം: നാഷണൽ അഡാപ്റ്റേഷൻ ഫണ്ട് ഫോർ ക്ളൈമറ്റ് ചേഞ്ച് പദ്ധതി പ്രകാരം വരാപ്പുഴ പഞ്ചായത്തിലെ മൂർത്താക്കപ്പാടത്ത് പൊക്കാളി നെൽകൃഷി വിത്ത് വിതയ്ക്കൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. വരാപ്പുഴ പഞ്ചായത്തിലെ തുണ്ടത്തും കടവ് മൂർത്താക്കപാടശേഖരത്തിൽ മത്സ്യത്തൊഴിലാളികളായ അഞ്ച് യുവാക്കൾ ചേർന്ന് അഞ്ച് ഹെക്ടർ സ്ഥലം പാട്ടത്തിനെടുത്ത് വികസിപ്പിച്ചെടുത്ത ഫാമിൽ വിജയകരമായി ചെമ്മീൻ കൃഷിക്കു ശേഷം ആണ് പൊക്കാളി നെൽവിത്ത് വിതയ്ക്കുന്നത്.

പദ്ധതിയുടെ ഭാഗമായി പാടശേഖരത്തിൽ ബണ്ട് പണികൾ നടത്തുകയും തൂമ്പുകൾ സ്ഥാപിക്കുകയും പുറം ബണ്ടുകളിൽ കണ്ടൽ ചെടികൾ നട്ട് ബലപ്പെടുത്തുകയും ഫാം ഷെഡ്, സോളാർ ലാമ്പ് എന്നിവ സ്ഥാപിക്കുകയും കുളം ഒരുക്കി മീൻ കൃഷി നടത്തുകയും ചെയ്തിട്ടുണ്ട്

അഡാക്ക് മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.എറണാകുളം ജില്ലയിൽ എട്ട് പഞ്ചായത്തുകളിലായി 33 ഗ്രൂപ്പുകൾ 165 ഹെക്ടർ നിലങ്ങളിൽ പദ്ധതി പ്രകാരം കൃഷി പ്രവർത്തനം നടത്തുന്നത് . അഞ്ച് ഹെക്ടർ വരുന്ന കൃഷിയിടമാണ് ഒരു യൂണിറ്റ് . അടിസ്ഥാനസൗകര്യ വികസനത്തിനായി പുറംബണ്ട് നിർമ്മാണം, തൂമ്പുകൾ, ഫാം ഷെഡ്, സോളാർ ലാമ്പ്, കണ്ടൽ തൈ നടീൽ , പമ്പുകൾ സ്ഥാപിക്കൽ മറ്റു ഫാം ഉപകരണങ്ങൾ എന്നിവക്കാണ് ധനസഹായം നൽകുന്നത് .

വിത്ത് വിതയ്ക്കൽ പരിപാടിയിൽ ആലുവ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റാണി മത്തായി, വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ്, വൈസ് പ്രസിഡന്റ് ടി പി പോളി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജാൻസി ടീച്ചർ മറ്റ് ഭരണ സമിതി അംഗങ്ങൾ പ്രിൻസിപ്പൽ കൃഷി ഓഫീസർ ടെസ്സി എബ്രഹാം , അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ അനിത കുമാരി , അഗ്രികൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ വിദ്യ ഗോപിനാഥ് , കൃഷി ഓഫീസർ ചാന്ദിനി എസ് എം , ജോൺ ഷെറി (എഫ്‌.ഐ.ബി), കൃഷി അസിസ്റ്റൻറ് സീന എസ്, സുലജ സി, സീന ഫ്രാൻസിസ് , ദിനേശ് എന്നിവർ പങ്കെടുത്തു .